പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നിൽ ആർഎസ്എസ് അജണ്ട; എം എം വർഗീസ്
തൃശുർ: സിപിഐ(എം) നേതാവ് പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നിൽ ആർഎസ്എസ് അജണ്ടയാണെന്ന് സിപിഐ (എം) തൃശുർ ജില്ലാ സെക്രട്ടറി എം എം വർഗീസ്. ഇടതുപക്ഷത്തേയും സഹകരണ പ്രസ്ഥാനത്തേയും തകർക്കാനാണ് ശ്രമം. ഇഡിയുടേത് പകപോക്കലാണെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എം എം വർഗീസ് പറഞ്ഞു.

ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയപ്പോൾ ഇഡി മർദിച്ചുവെന്ന് പി ആർ അരവിന്ദാക്ഷൻ നേരത്തെ പരാതി നൽകിയിരുന്നു. ഇതിലുള്ള പകപോക്കലാണ് അറസ്റ്റ്. കള്ളക്കേസെടുത്ത് ഇഡി സിപിഐ എമ്മിനെ വേട്ടയാടുകയാണ്. കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ആർഎസ്സിൻറെയും കേന്ദ്ര സർക്കാരിൻറെയും ഗൂഢാലോചനയാണ് ഈ വേട്ടയാടൽ. ഇഡി നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായി നടത്തും.


എ സി മൊയ്തീൻ അടക്കമുള്ള പാർട്ടി നേതാക്കളിലേക്ക് കേസ് എത്തിക്കാനുളള നീക്കവും നടക്കുന്നു. പി ആർ അരവിന്ദാക്ഷൻറെ പേരിലുള്ള സ്ഥിര നിക്ഷേപത്തെക്കുറിച്ചോ സാമ്പത്തിക നിലയേക്കുറിച്ചോ അറിയില്ല. തെറ്റായ പ്രവണതയുണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടാൽ അരവിന്ദാക്ഷനല്ല, താൻ ആയാലും പാർട്ടി നടപടിയെടുക്കും. ഇ ഡി അന്വേഷിക്കുന്നതുപോലെ അന്വേഷിക്കാൻ പാർട്ടിക്കാവില്ല.


പാർട്ടി പാർട്ടിക്കത്താണ് പരിശോധിക്കുക. തനിക്കുള്ളത് നാമമാത്രമായ നിക്ഷേപം മാത്രമാണ്. അറസ്റ്റിലായ സതീഷ് കുമാറിനെ തനിക്ക് അറിയില്ലെന്നും എം എം വർഗീസ് വ്യക്തമാക്കി. അതേസമയം കരുവന്നൂർ ബാങ്ക് ക്രമകേടിൽ ഇഡി അറസ്റ്റ് ചെയ്ത പി ആർ അരവിന്ദാക്ഷൻറെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷ ഇഡി നൽകിയിട്ടുണ്ട്.

