KOYILANDY DIARY

The Perfect News Portal

പുതിയ കണക്ഷന് 4300 രൂപ: ഗ്യാസ്‌ കണക്‌ഷന്റെ പേരിലും പിടിച്ചുപറി

കോഴിക്കോട്‌: പാചകവാതക കണക്‌ഷനെടുക്കുന്നതിൽ ജനങ്ങളെ കൊള്ളയടിച്ച്‌ എണ്ണക്കമ്പനികൾ. പുതിയ കണക്‌ഷനെടുക്കുമ്പോൾ കെട്ടിവയ്‌ക്കേണ്ട തുകയുടെ പേരിലാണ്‌ വൻ കൊള്ള. ഒരു ന്യായീകരണവുമില്ലാതെ കോടികളാണ്‌ ഈ ഇനത്തിൽ എണ്ണക്കമ്പനികൾ കീശയിലാക്കുന്നത്‌. പുതിയ ഗാർഹിക കണക്‌ഷനെടുക്കണമെങ്കിൽ ഒരു സിലിണ്ടറിന്‌ 4300 രൂപ നൽകണം.
രണ്ട്‌ സിലിണ്ടറിന്‌ 7600 രൂപയും. ഗ്യാസ്‌ വിലക്കനുസരിച്ച്‌ ഇതിൽ മാറ്റം വരും. സെക്യൂരിറ്റി ഡിപ്പോസിറ്റ്‌ 750 രൂപയാണ് അടുത്തിടെ വർധിപ്പിച്ചത്. 14.2 കിലോഗ്രാം സിലിണ്ടർ കണക്‌ഷന്‌ 2200 രൂപ സെക്യൂരിറ്റി മാത്രം കെട്ടണം.  നേരത്തെ 1450 രൂപയായിരുന്നു. അഞ്ച്‌ കിലോ ഗ്രാം സിലിണ്ടറിന്‌ 800 രൂപയുണ്ടായത് 1150 രൂപയാക്കി. ഗ്യാസ് റെഗുലേറ്ററുകളുടെ വില 150ൽനിന്ന്‌ 250 രൂപയാക്കി.
Advertisements
ഒരു സിലിണ്ടർ ഗ്യാസിന്‌ നിലവിൽ 1030 രൂപയാണ്‌ പൊതുമേഖലാ എണ്ണക്കമ്പനികൾ ഈടാക്കുന്നത്‌. ഇത്‌ മാസംതോറും മാറുന്നുണ്ട്‌. രണ്ട്‌ സിലിണ്ടർ കൈവശംവയ്‌ക്കുന്നതിന്‌ ഗ്യാസിന്റെ തുക കണക്കാക്കിയാലും രണ്ടായിരം രൂപ മതി. എന്നാൽ, ഒരു ന്യായീകരണവുമില്ലാതെയാണ്‌ വൻ തുക ഈടാക്കുന്നത്‌. റഗുലേറ്റർ നിർബന്ധമായും വാങ്ങിയിരിക്കണമെന്നാണ്‌ മറ്റൊരു നിബന്ധന.
സെക്യൂരിറ്റി ഡിപ്പോസിറ്റായി വാങ്ങുന്ന തുക ഉപഭോക്താവിന്‌ തിരിച്ചു നൽകേണ്ടിവരുന്ന സാഹചര്യം വിരളമാണ്‌. കണക്‌ഷൻ റദ്ദാക്കുമ്പോൾ മാത്രമാണ്‌ ഇത്‌ വേണ്ടിവരുന്നത്‌. ഗാർഹിക ഉപഭോക്താക്കളിൽ ബഹുഭൂരിപക്ഷവും സ്ഥിരം വരിക്കാരാണ്‌. അതിനാൽ കോടിക്കണക്കിന്‌ രൂപയാണ്‌ ഈയിനത്തിൽ എണ്ണക്കമ്പനികൾക്ക്‌ സ്ഥിരനിക്ഷേപമായി ലഭിക്കുന്നത്‌.
തിരിച്ചുനൽകേണ്ടി വരുമ്പോൾ കെട്ടിവച്ച തുക പൂർണമായും നൽകുകയും വേണ്ട.
കേരളത്തിൽ ഒരു കോടിയിൽപ്പരം പാചകവാതക ഉപഭോക്താക്കളുള്ളതായാണ്‌ കണക്ക്‌. ഇതിൽ അരക്കോടിയും ഇന്ത്യൻ ഓയിൽ കോർപറേഷന്‌ കീഴിലാണ്‌. കേന്ദ്ര സബ്‌സിഡി പൂർണമായും നിർത്തലാക്കി ജനങ്ങളെ കൊള്ളയടിക്കുന്നതിന്‌ പുറമെയാണ്‌ കണക്‌ഷന്റെ മറവിലുള്ള ദ്രോഹം.