KOYILANDY DIARY

The Perfect News Portal

ഇന്നല്ലെങ്കിൽ നാളെ കെ. റെയിലിന് അനുമതി തരേണ്ടിവരും: മുഖ്യമന്ത്രി

സിൽവർലൈൻ ഡിപിആർ അപൂർണ്ണമാണെന്ന് കേന്ദ്ര സർക്കാർ ഇതുവരെ അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെയും റെയിൽ മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയാണ് ഭൂമിയേറ്റെടുക്കൽ അടക്കമുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോയത്. അതുകൊണ്ടുതന്നെ ഇതിന് ചെലവഴിച്ച തുക നിയമവിധേയമാണ്. പദ്ധതി മരവിപ്പിച്ചു എന്നത് വ്യക്തമാക്കപ്പെട്ടിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ച ശേഷമാകും നടപടികൾ ത്വരിതപ്പെടുത്താൻ കഴിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ ചില നടപടി സ്വീകരിച്ചു എന്നത് ശരിയാണ്. അത് റെയിൽവേയുടെയും ധനമന്ത്രാലയത്തിന്റെയും അനുമതി ഒരു തലത്തിൽ ലഭിച്ചപ്പോൾ നടത്തിയതാണ്. കേന്ദ്ര അനുമതി വളരെ വേഗത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അനുമതിക്ക് ശേഷം നടപടികളിലേക്ക് കടക്കുന്നതിന് പകരം അതിന് മുമ്പ് ചെയ്യാൻ കഴിയുന്ന നടപടികൾ പൂർത്തിയാക്കാനാണ് ശ്രമിച്ചത്.
എന്നാൽ, പദ്ധതിക്കെതിരായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഭരിക്കുന്ന പാർട്ടി കൂടി ഉൾപ്പെട്ടു. ഇതോടെ അറച്ചുനിൽക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. മാത്രമല്ല, ഉത്തരവാദിത്വപ്പെട്ടവർ ഇതിനെതിരെ പറയുന്ന നിലയുമുണ്ടായി. ആ സാഹചര്യത്തിൽ അനുമതിക്ക് ശേഷമാകാം ബാക്കി കാര്യങ്ങൾ എന്ന നിലപാടിലെത്തി. എന്തായിരുന്നാലും ഇന്നല്ലെങ്കിൽ നാളെ ഇതിന് അനുമതി തരേണ്ടിവരുമെന്ന കാര്യത്തിൽ തർക്കമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.