KOYILANDY DIARY

The Perfect News Portal

കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി. വീഡിയോയുടെ ലിങ്കും പൊലീസിന് കൈമാറി. പത്തിലധികം പേജുള്ള പരാതിയാണ് സമർപ്പിച്ചത്. പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി.

പരാമർശത്തിൽ സത്യഭാമയ്‌ക്കെതിരെ പട്ടിക ജാതി, പട്ടിക ഗോത്ര വർഗ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ നിർദേശം. അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

 

താൻ ക്രൂരമായ സൈബർ ആക്രമണം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞിരുന്നു. കുടുംബത്തെ സോഷ്യൽ മീഡിയയിലൂടെ വലിച്ചിഴച്ച് സൈബർ അധിക്ഷേപം നടത്തുന്നു. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ വേണ്ടിയല്ല അഭിമുഖം നൽകിയത്. കലാമണ്ഡലം സത്യഭാമയുടെ പ്രതികരണം ഫേസ്ബുക്കിലൂടെയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി നൽകി. ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

Advertisements

 

ആര്‍എല്‍വി രാമകൃഷ്ണനെതിരെയാണ് കലാമണ്ഡലം സത്യഭാമ ജൂനിയർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം. ആർഎൽവി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ചാലക്കുടിക്കാരനായ നർത്തകനായ അധ്യാപകനെന്നും സംഗീത നാടക അക്കാദമിയുമായി പ്രശ്നമുണ്ടായിരുന്ന ആളെന്നും ചൂണ്ടി കാട്ടിയായിരുന്നു കലാമണ്ഡലം സത്യഭാമ ജൂനിയറിന്റെ അധിക്ഷേപം പരാമർശങ്ങൾ. സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളും വ്യാപകമായ സാഹചര്യത്തിലാണ് അവർ വിശദീകരണവുമായി രം​ഗത്ത് വന്നത്.

 

പരാമർശം വിവാദമായെങ്കിലും തൻ്റെ വാദങ്ങളെ ന്യായീകരിച്ച് കൊണ്ട് സത്യഭാമ രംഗത്തെത്തിയതോടെ വലിയ പിന്തുണയാണ് രാമകൃഷ്ണന് ലഭിക്കുന്നത്. കേവലം നിറത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയല്ല ഇത്തരം വിവേചനങ്ങളെന്നും ജാതിയാണ് ഇത്തരം പരാമർശങ്ങൾക്ക് കാരണമെന്നും കലാസാംസ്കാരി രം​ഗത്തുള്ളവർ പറയുന്നു. സോഷ്യൽ മിഡിയയിൽ സംഭവത്തെ കുറിച്ച് വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെയാണ് സത്യഭാമയ്ക്കെതിരെ നിയമനടപടികളും വരുന്നത്.