അരിയും മുളകും തെലങ്കാനയിൽനിന്ന് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും; ജി ആർ അനിൽ

തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ അരിയും മുളകും തെലങ്കാനയിൽനിന്ന് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. ഇതുസംബന്ധിച്ച് തെലങ്കാന ഭക്ഷ്യപൊതുവിതരണ മന്ത്രി ഉത്തംകുമാർ റെഡ്ഡിയുമായി ഹൈദരാബാദിൽ ചർച്ച നടത്തി. വില സംബന്ധിച്ച അന്തിമ തീരുമാനം സപ്ലൈകോ ഉദ്യോഗസ്ഥരും തെലുങ്കാന ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ നടക്കുന്ന ചർച്ചയിലൂടെ തീരുമാനിക്കും.

അരിയുടെയും മുളകിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തും. കേരളത്തിൽ അരിവില വർധന തടയാൻ ഇടപെടൽ സഹായിക്കുമെന്നും മന്ത്രി അറിയിച്ചു. സിവിൽ സപ്ലൈസ് കമീഷണർ ഡോ. ഡി സജിത് ബാബു, തെലങ്കാന ഭക്ഷ്യ പൊതുവിതരണവകുപ്പ് കമീഷണർ ആൻഡ് പ്രിൻസിപ്പൽ സെക്രട്ടറി ഡി എസ് ചൗഹാൻ തുടങ്ങിയ ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.

