മാത്യു കുഴൽനാടന്റെ ഭൂമിയിൽ റവന്യൂ വകുപ്പ് സർവേ; തിങ്കളാഴ്ചയോടെ റിപ്പോർട്ട് തഹസിൽദാർക്ക് നൽകും
കൊച്ചി: പൈങ്ങോട്ടൂർ കടവൂർ വില്ലേജിലെ ആയങ്കരയിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെ കുടുംബവീടിനോട് ചേർന്ന ഭൂമിയിൽ റവന്യൂ വകുപ്പ് സർവേ. അനധികൃതമായി നിലം മണ്ണിട്ട് നികത്തിയെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ വിജിലൻസിന് നൽകിയ പരാതിയെത്തുടർന്നായിരുന്നു 4.5 ഏക്കർ ഭൂമി അളന്നത്.

ഇതിനു വ്യാഴാഴ്ച മാത്യു കുഴൽനാടന് നോട്ടീസ് നൽകിയിരുന്നു. റബർ തോട്ടമാണിത്. സ്കെച്ച് തയ്യാറാക്കി രണ്ട് ദിവസത്തിനുളിൽ റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. താലൂക്ക് സർവേയർ എം. വി. സജീഷിന്റെ നേതൃത്വത്തിലും അഞ്ചംഗ സംഘമാണ് ഇന്നലെ രാവിലെ 11ന് സർവേയ്ക്കായി എത്തിയത്. 2.30ന് പൂർത്തിയാക്കി മടങ്ങി. പൊലീസും സ്ഥലത്തുണ്ടായിരുന്നു. സർവേ നടക്കുമ്പോൾ അമ്മ മേരിയും സഹോദരിയും മാത്രമാണ് എം.എൽ.എയുടെ വീട്ടിൽ ഉണ്ടായിരുന്നത്.
അതേസമയം, ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും വാങ്ങിയതിൽ ആരോപണങ്ങൾ നേരിടുന്ന മാത്യു കുഴൽനാടൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴയിലെ എം.എൽ.എ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു.
