KOYILANDY DIARY

The Perfect News Portal

ജപ്പാൻ ജ്വരത്തിനെതിരെ പ്രതിരോധം ശക്തം; വടകരയിൽ വിദഗ്ധ സംഘം ക്യാംപ് ചെയ്യുന്നു

ജപ്പാൻ ജ്വരത്തിനെതിരെ പ്രതിരോധം ശക്തം; വടകരയിൽ വിദഗ്ധ സംഘം ക്യാംപ് ചെയ്യുന്നു.വടകര പാക്കയിൽ പത്തു വയസ്സുകാരിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു.ആരോഗ്യ വകുപ്പും നഗരസഭ ആരോഗ്യ വിഭാഗവും  ചേർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നത്.കൊതുകുകളെ നശിപ്പിക്കൽ,വീടുകൾ കയറിയുള്ള ബോധവൽക്കരണം,പനി സർവ്വേ എന്നിവയാണ് നടത്തി വരുന്നത്.

തലച്ചോറിൻ്റെ ആവരണത്തെ ബാധിക്കുന്ന മാരകമായ ഒരിനം വൈറസ് രോഗമാണ് ജപ്പാൻ ജ്വരം.ക്യൂലക്സ് വിഭാഗത്തിൽ പെടുന്ന കൊതുകുകളാണ് ജപ്പാൻ ജ്വരം പരത്തുന്നത്.പന്നികൾ,ചിലയിനം ദേശാടന പക്ഷികൾ എന്നിവയിൽ നിന്നാണ് കൊതുകുകൾക്ക് വൈറസ്സുകളെ ലഭിക്കുന്നത്.ഈ കൊതുകുകൾ മനുഷ്യരെ കടിക്കുമ്പോൾ അവർക്ക് രോഗം വരുന്നു.എന്നാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരില്ല.

ശക്തമായ പനി,വിറയൽ,ക്ഷീണം,തലവേദന, ഓക്കാനവും ഛർദ്ദിയും,ഓർമ്മക്കുറവ്,മാനസിക വിഭ്രാന്തി,ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.രോഗം മൂർച്ഛിച്ചാൽ മരണവും സംഭവിക്കാം.

Advertisements

കോഴിക്കോട് ജില്ലയിൽ ആദ്യമായി ആണ് ജപ്പാൻ ജ്വരം സ്ഥിരീകരിക്കുന്നത്.ഉത്തർ പ്രദേശ് സ്വദേശിയായ പെൺകുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കുട്ടിയെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് മാതൃ- ശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആശുപത്രി അധികൃതർ അറിയിക്കുന്ന വിവരങ്ങൾ അനുസരിച്ച് കുട്ടിയുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണ്.