റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: വിയ്യൂർ വായനശാലയുടെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ലിക് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. പരിപാടി നഗരസഭ അധ്യക്ഷൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയുടെ നാൾവഴികളും വെല്ലുവിളികളും എന്ന വിഷയത്തിൽ റിസോഴ്സ് പേഴ്സൺ ഡോ. മോഹനൻ നടുവത്തൂർ പ്രഭാഷണം നടത്തി.

നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ, ജനപ്രതിനിധികളായ പി.കെ. ഷൈജു, വി രമേശൻ, കലാകാരി കലാഭവൻ സരിഗ, വായനശാല ഏറ്റവും മികച്ച വായനക്കാരനായി തെരഞ്ഞെടുത്ത അശോകൻ നടേമ്മൽ എന്നിവരെ ചടങ്ങിൽ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി മാതൃക കാട്ടിയ അക്കാളിശ്ശേരി ഗിരീഷിനെ പൊന്നാടയണിയിച്ച് അനുമോദിച്ചു. വായനശാല നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.

തുടർന്ന് ടീം അരോത്ത് അവതരിപ്പിച്ച തിരുവാതിര, ടീം തപസ്യ, ചിലമ്പ് വിയ്യൂർ എന്നിവർ അവതരിപ്പിച്ച കൈകൊട്ടിക്കളി, അയാനി സജീവൻ രുക്സിമ എന്നിവരുടെ മോണോ ആക്ട്, പ്രദേശത്തെ പാട്ടുകാരെ അണിനിരത്തി അവതരിപ്പിച്ച കരോക്കെ ഗാനമേള എന്നിവയും അരങ്ങേറി. വായനശാല സെക്രട്ടറി പി.പി. രാധാകൃഷ്ണൻ സ്വാഗതവും ഭരണസമിതി അംഗം ദയാനന്ദൻ നന്ദിയും പറഞ്ഞു.



