സ്വർണത്തിന് റെക്കോർഡ് വില; പവന് 64,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് തീവില. 640 രൂപയാണ് ഇന്ന് കൂടിയത്. നിലവിൽ 64,480 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. ഇന്നലെ 63,840 രൂപയായിരുന്നു പവന്റെ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഗ്രാമിന് 80 രൂപ കൂടി 8,060 രൂപയായി. ഇതാദ്യമായാണ് ഗ്രാമിന്റെ വില 8,000 കടക്കുന്നത്.

24 കാരറ്റ് സ്വർണത്തിന് 70,344 രൂപയും 18 കാരറ്റിന് 52,760 രൂപയുമാണ് വില. ജനുവരി 22നാണ് പവന്റെ വില ആദ്യമായി 60,000 കടന്നത്. 20 ദിവസം കൊണ്ട് സ്വർണത്തിന് 4,000ലധികം രൂപയാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ നയങ്ങളുമെല്ലാം സ്വർണവിലയെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

