എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന ദിനം ആചരിച്ചു

ചെങ്ങോട്ടുകാവ്: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായന ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ലൈബ്രറി സന്ദർശനവും ഡോക്യുമെന്ററി പ്രദർശനവും നടന്നു. എളാട്ടേരി സ്കൂൾ വിദ്യാർത്ഥികളാണ് ലൈബ്രറി സന്ദർശനം നടത്തിയത്. ചടങ്ങ് പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് അംഗം ജൂബിഷ് ഉദ്ഘാടനം ചെയ്തു. വായന അർത്ഥപൂർണ മാവുമ്പോഴാണ് വാക്കുകൾക്ക് ജിവൻ വെക്കുന്നതെന്നും അതിജീവനത്തിന് കരുത്ത് നൽകാൻ വായനക്കല്ലാതെ മറ്റൊന്നിനുമാവില്ലെന്ന് ജൂബിഷ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ പ്രസിഡന്റ് എൻ. എം. നാരായണൻ അധ്യക്ഷത വഹിച്ചു.

ആമസോൺ കാടുകളിൽ അകപ്പെട്ടുപോയ കുരുന്നുകൾ അതിജീവനത്തിന്റെ കരുത്ത് നേടിയത് അറിവെന്ന ആയുധത്തെ കവചമാക്കിക്കൊണ്ടാണ് അദ്ദേഹം പറഞ്ഞു. അന്ധകാരത്തിന്റെ ഇടനാഴികളിലൂടെ സമൂഹം സഞ്ചരിക്കുന്ന കാലത്താണ് അറിവിന്റെ ഗ്രന്ഥശേഖരം തലയിൽ ചുമന്നു മലയാള ക്കരയാകെ പി. എൻ. പണിക്കരെന്ന അക്ഷര പെരുമാൾ നടന്നു നീങ്ങിയത്. അതിന് ശേഷമാണ് ഗ്രന്ഥശാലകളെന്ന അക്ഷരക്കൂട്ടത്തിന്റെ അഗ്നിപ്പുരകൾ പിറവി കൊണ്ടതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

എളാട്ടേരി സ്കൂൾ ഹെഡ് മാസ്റ്റർ സുമിനാസ് സംസാരിച്ചു. അടച്ചു പൂട്ടി എന്ന് കരുതിയ അന്ധ വിശ്വാസത്തിന്റെ അകത്തളങ്ങളിൽ നിന്ന് നരബലി ഉൾപ്പെടെ സാക്ഷ നീക്കി പുറത്തുവരുന്ന ഈ കെട്ട കാലത്ത് അറിവിന്റെ പരിച കൊണ്ട് മാത്രമേ പ്രതിബോധം സൃഷ്ടിക്കാനാവൂ. പുതിയ തലമുറയാണ് അറിവിന്റെ വാതിലുകൾ മലർക്കേ തുറക്കേണ്ടത്. നീതികേടിനെതിരെ പ്രതിഷേധിക്കാനുള്ള കരുത്ത് അക്ഷരങ്ങളിൽ നിന്നാണ് കണ്ടെത്തേണ്ടതെന്നും സുമിനാസ് അഭിപ്രായപ്പെട്ടു.

കെ. എം. ബാലകൃഷ്ണൻ, കെ. ബാലകൃഷ്ണൻ, ജയന്തി ടീച്ചർ, ലൈബ്രേറിയൻ ടി. എം. ഷീജ എന്നിവർ സംസാരിച്ചു. റോയൽ ഫർണിചർ ഉടമ കെ. കെ. രാജൻ ലൈബ്രറിക്ക് വാട്ടർ പ്യൂരിഫയറും, 40 മഗ്ലാസും, ട്രേയും നൽകി. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ സ്വാഗതം പറഞ്ഞു.
