KOYILANDY DIARY

The Perfect News Portal

റേഷൻ മസ്റ്ററിങ്; സാങ്കേതിക തകരാറിനെ തുടർന്ന് പുതിയ സെർവർ വാങ്ങാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ്ങിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് പുതിയ സെർവർ വാങ്ങാൻ തീരുമാനം. നിലവിലുള്ള സെർവറിന് പുറമെ അധിക സെർവർ സജ്ജീകരിക്കാനാണ് പൊതുവിതരണവകുപ്പ് ഒരുങ്ങുന്നത്. ഇതിനായി 3.54 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ഐടി മിഷന്റെയും എൻഐസി ഹൈദരാബാദിന്റെയും സെർവറുകളിലൂടെയാണ് മസ്റ്ററിങ് സമയത്തെ ആധാർ ഒതന്റിഫിക്കേഷൻ നടക്കുന്നത്.

എൻഐസിയുടെ ഡൽഹിയിൽനിന്നുള്ള അധിക സെർവറിന്റെ സേവനമാണ് സംസ്ഥാനത്ത് ലഭ്യമാക്കുന്നത്. മസ്റ്ററിങ് സമയത്ത് ഇനി തടസ്സമുണ്ടായാൽ പുതിയ സെർവറിലൂടെ ആധാർ ഒതന്റിഫിക്കേഷൻ വേഗത്തിലാക്കാൻ കഴിയും. രണ്ട് ദിവസത്തിനകം പുതിയ സെർവറിന്റെ സേവനം ലഭ്യമാകുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ എൻഐസിക്കും ഐടി മിഷനും കൂടുതൽ സമയം വേണ്ടിവരുന്നതിനാൽ സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് ശനിയാഴ്ച മുതൽ നിർത്തിവെച്ചിരിക്കുകയാണ്.