KOYILANDY DIARY

The Perfect News Portal

റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചു

റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈനാട്, ഇടിവി ഭാരത് അടക്കമുള്ള വൻകിട മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ്.
Advertisements
ചെറുകുരി രാമോജി റാവു 1936 നവംബർ 16 നാണ് ജനിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ പെഡപരുപ്പുടിയിൽ ഒരു കാർഷിക കുടുംബത്തിലായിരുന്നു ജനനം. രാമോജി റാവു എന്നറിയപ്പെട്ട അദ്ദേഹം വ്യവസായിയും നിർമ്മാതാവുമായി. മാർഗദർശി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി ഭാരത്, രാമദേവി പബ്ലിക് സ്കൂൾ, പ്രിയ ഫുഡ്സ്, ഉഷാകിരൻ മൂവീസ് എന്നിവയും രാമോജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ ചെയർമാൻ കൂടിയാണ് അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ രാമോജി ഫിലിം സിറ്റി, 1983 ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള രാമോജി ഗ്രൂപ്പിന്റെ തലവനാണ് അദ്ദേഹം. തെലുങ്ക് സിനിമയിലെ നാല് ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾക്ക് 2016 ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.