രാജിയ്ക്കും പെൺമക്കൾക്കും വേണം ഒരു അടച്ചുറപ്പുള്ള വീട്

കൊയിലാണ്ടി: രാജിയ്ക്കും പെൺമക്കൾക്കും വേണം ഒരു അടച്ചുറപ്പുള്ള വീട്. ഇക്കഴിഞ്ഞ ജനുവരി ആറിന് ഹൃദയാഘാതത്തെ തുടര്‍ന്ന് റെയില്‍വേ പാതയോരത്ത് മരിച്ചു കിടന്ന കൊയിലാണ്ടി നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ വരണ്ടയില്‍ ഷൈജു (40)വിന്റെ അമ്മ കല്യാണിയും ഭാര്യ രാജിയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബമാണ് ജീവിത പ്രതിസന്ധികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്നത്. കുടുംബത്തിൻ്റെ ആകെയുള്ള പ്രതീക്ഷയായിരുന്നു ഷൈജു. അതിനിടയിലായിരുന്നു പെട്ടന്നുള്ള ഷൈജുവിൻ്റെ മരണം. അതോടെ കുടുംബ ഒറ്റപ്പെട്ട അവസ്ഥയിലായി. ഭർത്താവിൻ്റെ അകാലത്തിലുളള വേര്‍പാട് രാജിയ്ക്കും മക്കള്‍ക്കും ഇനിയും ഉള്‍ക്കൊളളാനാവുന്നില്ല കൈവശമുളള രണ്ടര സെന്റ് സ്ഥലം ഡാറ്റാ ബാങ്കിൽ വിടിനു അനുമതിയില്ല.

ബപ്പന്‍കാടിനും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനും ഇടയില്‍ റെയില്‍വേ പാതയോരത്തെ ഒരൊറ്റ മുറി വീട്ടിലായിരുന്നു ഷൈജുവും കുടുംബവും താമസിച്ചിരുന്നത്. മഴക്കാലത്ത് ഇവര്‍ താമസിച്ചിരുന്ന വീടിന് ചുറ്റും വെളളമുയരും. നഗരത്തില്‍ ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടായിരുന്നു ഷൈജു കുടുംബം പുലര്‍ത്തിയത്. ഓട്ടോ ഡ്രൈവർ എന്ന നിലയിൽ കൊയിലാണ്ടികാർക്ക് പരിചിതനായി രുന്നു ഷൈജു. ഓട്ടോ ഓടിക്കുന്നതിനിടയില്‍ തന്നെ മുടങ്ങിയ പഠനവും ഷൈജു മുന്നോട്ട് കൊണ്ടുപോയിരുന്നു.

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ കഴിഞ്ഞ വര്‍ഷം വിജയിച്ച ഷൈജു ഈ വര്‍ഷം കൊയിലാണ്ടി ജീ.വി.എച്ച്.എസ്.എസ് കേന്ദ്രമായി ഒന്നാം വര്‍ഷ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സില്‍ ചേര്‍ന്ന് പഠനം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് മരണം. ഇവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ കൊയിലാണ്ടി നഗരസഭ ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ താമസിച്ചിരുന്ന റെയില്‍വേ പാതയോരത്ത് വീട് നിര്‍മ്മിക്കാന്‍ അനുമതി ലഭിക്കില്ല. ബീ ക്ലസ് വിഭാഗത്തില്‍പ്പെടുന്ന സ്ഥലമാണിത്.

ഭൂരഹിത പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങുന്നതിനുളള ധനസഹായം കൊണ്ട് പെരുവട്ടൂര്‍ തുരുത്ത്യാട്ട് ഭാഗത്ത് ഇവര്‍ രണ്ടര സെന്റ് സ്ഥലം 2013ല്‍ വാങ്ങിയിരുന്നെങ്കിലും ആ സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതിനാല്‍ അവിടെ വീട് നിര്‍മ്മിക്കാന്‍ സാങ്കേതിക തടസ്സവുമുണ്ട്.വീട് വെക്കാന്‍ അനുമതി തേടികൊണ്ടുളള ഇവരുടെ അപേക്ഷ കൃഷി ഭവന്‍ തളളിയതിനെ തുടര്‍ന്ന് വടകര ആര്‍.ഡി.ഒ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. കൊയിലാണ്ടി കൃഷി ഭവനില്‍ നിന്നുളള റിപ്പോര്‍ട്ട് പ്രകാരം ഈ സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതിനാല്‍ ആര്‍.ഡി.ഒയും ഇവരുടെ അപേക്ഷ തളളി.
ഈ സാഹചര്യത്തില്‍ എവിടെ വീട് നിര്‍മ്മിക്കുമെന്ന് ഈ നിര്‍ധന കുടുംബത്തിന് അറിയില്ല. ഇവരുടെ സ്ഥലത്തിന് സമീപമെല്ലാം പലരും വീട് വെച്ച് താമസിക്കുന്നുണ്ട്. ഭൂമി തരം മാറ്റി കിട്ടിയാല്‍ പെരുവട്ടൂരിലെ സ്ഥലത്ത് ഇവര്‍ക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കാന്‍ കഴിയും. ഇതിനായി വീണ്ടും മുഖ്യമന്ത്രി, റവന്യു വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, ആര്‍.ഡി.ഒ എന്നിവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് രാജിയും മക്കളും. ഷൈജുവിന്റെ സഹപാഠികള്‍ എല്ലാവിധ സഹായഹസ്തവുമായി ഈ കുടുംബത്തോടൊപ്പമുണ്ട്. നഗരസഭ കൗണ്‍സിലര്‍മാരും സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഭൂമി തരം മാറ്റി കിട്ടാത്തതാണ് ഇവരുടെ മുന്നിലെ ഇപ്പോഴത്തെ ഏറ്റവും വലിയവെല്ലുവിളി. ഇതിനായി പല വാതിലുകളും തുറക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം. ഷൈജുവിന്റെ മക്കളായ ഷ്മിനയും തൃഷയും വിദ്യാര്‍ത്ഥികളാണ്. തീര്‍ത്തും അനാഥരായ ഇവര്‍ക്ക് വേണം നാടിന്റെ കരുതലും കൈത്താങ്ങും.
