ദില്ലിയിൽ മഴ; ഉഷ്ണ തരംഗത്തിന് നേരിയ ശമനം
 
        ദില്ലിയിൽ ആഴ്ചകളായി തുടരുന്ന ഉഷ്ണ തരംഗത്തിന് നേരിയ ശമനം. കഴിഞ്ഞദിവസം നഗരത്തിൽ പരക്കെ മഴ ലഭിച്ചു. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ 50 ഡിഗ്രിവരെ എത്തിയ താപനില ഇന്നലെ ഗണ്യമായി കുറഞ്ഞു. അതേസമയം സൂര്യാഘാതമേറ്റ് ഒട്ടേറെ പേർ ഇപ്പോഴും ചികിത്സയിലാണ്. അതിനിടെ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്.

ഹരിയാന വെള്ളം നൽകുന്നില്ലെന്നാരോപിച്ച് ദില്ലി ജലവിഭവ വകുപ്പ് മന്ത്രി അദിഷി ആരംഭിച്ച നിരാഹാര സമരം തുടരുന്നു. സംസ്ഥാനത്തെ 28 ലക്ഷം ആളുകൾ ജലക്ഷാമം നേരിടുന്നുവെന്നും കേന്ദ്രസഹായം വേണമെന്നുമാണ് ദില്ലി സർക്കാരിൻ്റെ ആവശ്യം.

അത്യുഷ്ണം തുടരുന്ന ദില്ലിയില്‍ മരണനിരക്കും ഉയരുകയാണ്. 36 മണിക്കൂറിനിടെ 32 ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹീറ്റ് സ്‌ട്രോക്കും അനുബന്ധ അസുഖങ്ങളുമായി 400 ഓളം പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. വീടുകളില്ലാതെ തെരുവില്‍ കഴിയുന്നവരെ ഷെല്‍റ്റര്‍ ഹോമുകളിലേക്ക് മാറ്റാന്‍ ദില്ലി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.



 
                        

 
                 
                