KOYILANDY DIARY.COM

The Perfect News Portal

മലബാർ എക്സ്പ്രസിൽ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ച് റെയിൽവേ

.

തിരുവനന്തപുരം: വീണ്ടും മലയാളികളോട് റെയിൽവേയുടെ കൊടുംചതി. മലബാറിലേക്കും തിരിച്ചും തെക്കൻ കേരളത്തിലേക്കും ഏറെ യാത്രക്കാരുള്ള മലബാർ എക്സ്പ്രസിലെ ജനറൽ കോച്ച് വെട്ടിക്കുറച്ച് റെയിൽവേ. പുറകുവശത്തെ രണ്ട് ജനറൽ കോച്ചുകളിൽ ഒരെണ്ണമാണ് വെട്ടിക്കുറച്ചത്. വൈകിട്ട് 6.40ന് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പുറപ്പെടുന്ന മലബാർ എക്സ്പ്രസിൽ ജനറൽ കോച്ചുകളിൽ യാത്രക്കാർ തിങ്ങിനിറഞ്ഞാണ് പോകുന്നത്.

 

തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുമ്പോൾ തന്നെ ജനറൽ കോച്ചുകൾ നിറഞ്ഞുകവിയും. ട്രെയിൻ കൊല്ലം എത്തുമ്പോഴേക്കും, കോച്ചിൽ യാത്രക്കാർക്ക് കയറാൻ പോലും കഴിയാത്ത അത്ര തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ ഒരു ജനറൽ കോച്ച് വെട്ടിക്കുറച്ചത്, മലബാർ എക്സ്പ്രസിലെ യാത്ര കൂടുതൽ ദുസഹമാക്കുമെന്ന് യാത്രക്കാർ പറയുന്നു.

Advertisements

 

ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പടെ ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനാണ് മലബാർ. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.45ന് വഞ്ചിനാട് പോയിക്കഴിഞ്ഞാൽ കോട്ടയം ഭാഗത്തേക്കുള്ള ട്രെയിൻ കൂടിയാണ് മലബാർ. ഇതിന് കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോപ്പ് ഉള്ളതിനാൽ മംഗലാപുരം ഭാഗത്തേക്ക് പിന്നീട് പുറപ്പെടുന്ന മാവേലി എക്സ്പ്രസിനേക്കാൾ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്നതും മലബാറിനെയാണ്.

 

എല്ലാത്തിനും പുറമെ റിസർവേഷൻ ഒരു മാസം മുമ്പ് തന്നെ മലബാറിൽ വെയിറ്റിങ് ലിസ്റ്റ് ആകാറുണ്ട്. തെക്കൻ കേരളത്തിൽനിന്ന് മലബാറിലേക്കും തിരിച്ചുമുള്ള യാത്രാദുരിതം പരിഹരിക്കാൻ റെയിൽവേ ആവശ്യമായ നടപടി എടുക്കാറില്ലെന്ന് യാത്രക്കാർ പറയുന്നു. അതിനിടെയാണ് സാധാരണക്കാർ ആശ്രയിക്കുന്ന ജനറൽ കോച്ച് വെട്ടിക്കുറച്ച നടപടി. ഈ സാഹചര്യത്തിൽ എത്രയും വേഗം മലബാർ എക്സ്പ്രസിൽ വെട്ടിക്കുറച്ച ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

 

Share news