KOYILANDY DIARY.COM

The Perfect News Portal

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് രാഹുല്‍ ഗാന്ധി

.

രണ്ടാമത് പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ നിരൂപക പത്മശ്രീ പ്രൊഫ. എം. ലീലാവതിക്ക് സമ്മാനിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ലീലാവതി ടീച്ചര്‍ കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ അഭിമാനമെന്ന് പുരസ്‌കാരം സമര്‍പ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു. ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ ബഹുമതിയായി കാണുന്നു. 98 വയസുള്ള ലീലാവതി ടീച്ചര്‍ പുലര്‍ച്ചെ 3 മണിക്ക് എഴുന്നേല്‍ക്കുമെന്ന് എന്നോട് പറഞ്ഞു. ആദ്യം വായനയും പിന്നെ എഴുത്തും.

 

നമുക്ക് എല്ലാം ഉത്തേജനം നല്‍കുന്ന കാര്യമാണത്. ടീച്ചര്‍ തന്റെ ജീവിതത്തില്‍ ഒരുപാട് എഴുതിയിട്ടുണ്ട്. ഒരുപാട് പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. എന്നാല്‍ എന്നെ ആകര്‍ഷിച്ചത് ടീച്ചറുടെ ‘ കള്‍ച്ചര്‍ ഓഫ് സൈലന്‍സ്’ എന്ന ആശയമാണ്. നിശബ്ദതയുടെ സംസ്‌കാരമെന്നത് ഭീരുത്വത്തിന്റെ സംസ്‌കാരം കൂടിയായാണ് ഞാന്‍ കാണുന്നത്. രാജ്യത്തുടനീളം, ജനങ്ങള്‍ പല കാര്യങ്ങള്‍ ചിന്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അത് പറയാനുള്ള ധൈര്യമില്ല. മഹത്തായ രാജ്യങ്ങള്‍ പടുത്തുയര്‍ത്തുന്നത് നിശബ്ദതയില്ല. മഹത്തായ രാജ്യങ്ങളും വ്യക്തിത്വങ്ങളുമുണ്ടാകുന്നത് വ്യക്തമായി അവരുടെ അഭിപ്രായങ്ങള്‍ ശക്തമായി രേഖപ്പെടുത്തുമ്പോഴാണ് – രാഹുല്‍ പറഞ്ഞു.

Advertisements

 

ഇന്ദിരാ ഗാന്ധിയില്‍ നിന്ന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കൊച്ചുമകന്‍ രാഹുല്‍ ഗാന്ധിയില്‍ നിന്നും പുരസ്‌കാരം ലഭിച്ചുവെന്ന് ലീലാവതി ടീച്ചര്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധി രാജ്യത്തിന് വേണ്ടി നിരവധി ത്യാഗങ്ങള്‍ സഹിച്ചുവെന്നും മതേതരത്വത്തിന് വേണ്ടി നിലകൊണ്ടുവെന്നും ചടങ്ങില്‍ സംസാരിക്കവേ ടീച്ചര്‍ ചൂണ്ടിക്കാട്ടി. അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കുന്നതായും ലീലാവതി ടീച്ചര്‍ അറിയിച്ചു.

 

മുന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ ശ്രീ പെരുമ്പടവം ശ്രീധരന്‍ ചെയര്‍മാനും സാഹിത്യനിരൂപകന്‍ ഡോ. പി. കെ. രാജശേഖരന്‍, എഴുത്തുകാരി ശ്രീമതി കെ.എ. ബീന, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം മധു എന്നിവര്‍ അംഗങ്ങളുമായുള്ള പുരസ്‌കാര നിര്‍ണ്ണയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Share news