KOYILANDY DIARY.COM

The Perfect News Portal

ഇലന്തൂരില്‍ തെളിവെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്കേസുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രതികളുമായി പൊലീസ് സംഘം ഇലന്തൂരിലേക്ക് പുറപ്പെട്ടു. സംഘത്തില്‍ മര്‍ഫി, മായ എന്നീ പൊലീസ് നായ്ക്കളും ഉണ്ട്. കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി മനുഷ്യ ശരീരം കീറിമുറിച്ച് പരിചയമുള്ളയാള്‍ എന്ന് പൊലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടം ഡോക്ടറുടെ അസിസ്റ്റന്റായും ഷാഫി ജോലി ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഷാഫി ഒന്നും സമ്മതിക്കുന്നില്ലെന്നും ഇയാളുടെ മറ്റ് വ്യാജ എഫ് ബി അക്കൗണ്ടുകള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.

നരബലി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുമ്പോള്‍ ഞെട്ടിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ നിഗമനങ്ങളിലേക്കാണ് പൊലീസ് എത്തുന്നത്. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ വളരെ കൃത്യതയോടെയാണ് കഷണങ്ങളാക്കി മുറിച്ചിരുന്നത്. അറവുകാരനെക്കാള്‍ കൃത്യതയോടെ മനുഷ്യ ശരീരം മുറിച്ച രീതിയാണ് പൊലീസിനെ ശരിക്കും ഞെട്ടിച്ചത്. തുടര്‍ന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് ഫൊറന്‍സിക് സര്‍ജന്റെ അസിസ്റ്റന്റ് ആയും ഷാഫി ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയത്.

ചോദ്യം ചെയ്യലില്‍ ഷാഫി ഒന്നും സമ്മതിക്കുന്നില്ല എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാള്‍ക്ക് ശ്രീദേവി എന്ന പേരില്‍ മാത്രമല്ല മറ്റ് വ്യാജ ഫേസ്ബുക്ക് ഐഡികളുമുണ്ട്. ഇവ കണ്ടെത്തി ചാറ്റുകള്‍ വീണ്ടെടുത്താല്‍ മാത്രമേ സമാനമായ ക്രൂരകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാകൂ. സംസ്ഥാനത്ത് മാത്രമല്ല മറ്റു ഇടങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇയാള്‍ക്ക് പിന്നില്‍ സഹായികളോ അല്ലെങ്കില്‍ മറ്റൊരു റാക്കറ്റുകളോ ഉണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

Advertisements
Share news