KOYILANDY DIARY.COM

The Perfect News Portal

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്.

കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.

ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു. കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്‌ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.

Advertisements
Share news