KOYILANDY DIARY.COM

The Perfect News Portal

കരിപ്പൂര്‍ വിമാനത്താവളംവഴി ഇന്ത്യയിലേക്ക് കടത്താന്‍ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി

മലപ്പുറം: അബുദാബിയില്‍നിന്ന് കരിപ്പൂര്‍ വിമാനത്താവളംവഴി ഇന്ത്യയിലേക്ക് കടത്താന്‍ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനേയും സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്തു സംഘത്തിലെ ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു.

അബുദാബിയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശി ഷഫീഖ് (34) ആണ് 1,260 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പോലീസിൻ്റെ പിടിയിലായത്. സ്വര്‍ണ്ണം കാപ്‌സ്യൂളുകള്‍ രൂപത്തിലാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.

70 ലക്ഷം രൂപ ചെലവിട്ട് കസ്റ്റംസ് പുതുതായി സ്ഥാപിച്ച ആധുനിക എക്‌സറേ സംവിധാനങ്ങളും മറികടന്ന് ഏയര്‍പോര്‍ട്ടിന് പുറത്തെത്തിയ ഷഫീഖിനെ മലപ്പുറം ജില്ലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ എക്‌സറേ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഷഫീഖിൻറെ വയറിനകത്ത് നാല് കാപ്‌സ്യൂളുകള്‍ കാണപ്പെട്ടത്.

Advertisements

 

ശേഷം ഷഫീഖ് കടത്തികൊണ്ടുവന്ന സ്വര്‍ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തി കാത്തുനിന്ന തിരൂരങ്ങാടി സ്വദേശി റഫീഖ് (40)നെ പോലീസ് തന്ത്രപൂര്‍വ്വം വലയിലാക്കുകയായിരുന്നു. റഫീഖ് വന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത് സംഘത്തില്‍പ്പെട്ട റഫീഖിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

Share news