അതിരുവിട്ട വിവാഹാഘോഷത്തില്‍ കേസെടുത്ത് പൊലീസ്; ഒട്ടകവുമായി റോഡിലിറങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചു
കണ്ണൂര്‍: കണ്ണൂര്‍ വാരത്ത് അതിരുവിട്ട വിവാഹാഘോഷത്തില്‍ കേസെടുത്ത് പൊലീസ്. ഒട്ടകവുമായി റോഡിലിറങ്ങി ഗതാഗത തടസ്സം സൃഷ്ടിച്ചു. രാവിലെ വരനും സുഹൃത്തുക്കളും കണ്ണൂര്‍ വാരത്തുള്ള വധുവിന്റെ വീട്ടിലേക്ക് ഒട്ടകപ്പുറത്ത് എത്തി. ബാന്റ് മേളവും ഒട്ടകവുമെല്ലാം കണ്ടതോടെ നിരവധി ആളുകളാണ് ഇവിടെ തടിച്ച് കൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

അന്യായമായി സംഘം ചേര്‍ന്ന് ഗതാഗതം മുടക്കി വിവാഹാഘോഷം നടത്തിയതിനാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ഒട്ടകപ്പുറത്ത് എത്തിയ വളപട്ടണം സ്വദേശിയായ വരന്‍ റിസ്വാന്‍ ഉള്‍പ്പടെ 26 പേരെ പ്രതിചേര്‍ത്താണ് കേസ്. ഒടുവില്‍ ചക്കരക്കല്‍ പൊലീസ് എത്തി കാഴ്ചകാണാനായി എത്തിയവരെ ലാത്തിവീശി ഓടിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുന്ന റോഡില്‍ വിവാഹാഘോഷം മൂലം ഗതാഗതവും തടസ്സപ്പെട്ടു.

