KOYILANDY DIARY.COM

The Perfect News Portal

വിമാന അപകടം: മരിച്ച രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും

വിമാന അപകടത്തിൽ മരിച്ച രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന തിരിച്ചറിയാൻ അനിവാര്യമായിരിക്കുന്നത്. രഞ്ജിതയുടെ വീട്ടിൽ മന്ത്രി വീണ ജോർജ് ഉൾപ്പെടെയുള്ളവർ ഇന്ന് സന്ദർശനം നടത്തും.

മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ രഞ്ജിത തിരികെ പോകുമ്പോൾ അറിഞ്ഞിരുന്നില്ല അത് അവസാന യാത്രയാകുമെന്ന്. മക്കള്‍ക്കൊപ്പം ഇനി നാട്ടിലുണ്ടാകുമെന്ന് വാക്കു പറഞ്ഞാണ് യുകെയില്‍ നഴ്‌സായ പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ഗോപകുമാരന്‍ നായര്‍ വീട്ടില്‍ നിന്നിറങ്ങിയത്. രണ്ട് മാസം മുമ്പാണ് പുതിയ വീടിന്റെ നിര്‍മാണം ആരംഭിച്ചത്. ഗൃഹപ്രവേശന ചടങ്ങുനടത്താനായുള്ള കാത്തിരിപ്പിലായിരുന്നു അമ്മയും രഞ്ജിതയും തന്റെ രണ്ട് മക്കളുമടങ്ങിയ കുടുംബം.

 

കഴിഞ്ഞ ദിവസവും രഞ്ജിതയെ കണ്ട് സംസാരിച്ച നാട്ടുകാര്‍ക്കും അയല്‍ക്കാര്‍ക്കും പറയാന്‍ വാക്കുകളില്ല. സ്വഭാവും കൊണ്ടും സ്‌നേഹം കൊണ്ടും എല്ലാവര്‍ക്കും പ്രിയപ്പെട്ട രഞ്ജിത മരിച്ച വിവരം ഒരു നാടിനെ തന്നെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സ്‌കൂളിലായിരിക്കുമ്പോഴാണ് മക്കളും അമ്മയുടെ മരണവാര്‍ത്ത അറിയുന്നത്. രഞ്ജിതയുടെ അമ്മയെയും മക്കളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ചുറ്റുമുള്ളവര്‍.

Advertisements

 

അഹമ്മദാബാദില്‍ 242 യാത്രക്കാരുമായി ലണ്ടനിലേക്ക് തിരിച്ച എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇതില്‍ മലയാളി ഉള്‍പ്പെട്ടുണ്ടോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടാണ് യാത്രക്കാരില്‍ പത്തനംതിട്ട സ്വദേശിയുമുണ്ടെന്ന വിവരം വന്നത്. പിന്നാലെ മരണം ജില്ലാ കളക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Share news