പിഷാരികാവിൽ അഴിമതിയുടെ വെടിക്കെട്ടിന് തീപ്പിടിച്ചു
പിഷാരികാവിൽ ”അഴിമതി”യുടെ വെടിക്കെട്ടിന് തീപ്പിടിച്ചു. കാളിയാട്ട മഹോത്സവം തീരാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് 7 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ കൊടുത്ത വെടിക്കെട്ട് എവിടെ എന്ന് നാട്ടുകാർ ചേദിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടക്കേണ്ട വെടിക്കെട്ട് നടത്താത്തത് എന്താണെന്നുള്ള ചോദ്യം ഇതിനകം ഉയർന്നുകഴിഞ്ഞു. എക്സിക്യൂട്ടീവ് ഓഫീസറും ദേവസ്വം ബോർഡ് ജീവനക്കാരും, ക്ഷേമസമിതിയും, ആഘോഷക്കമ്മിറ്റിയും നാട്ടുകാരും ഉൾക്കൊള്ളുന്ന പബ്ലിക് വാട്സാപ്പ് ഗ്രൂപ്പിൽ അഴിമതിയുടെ ചൂടേറിയ ചർച്ചയാണ് നടക്കുന്നത്. ഇതുവരെയും പൊട്ടിയത് നനഞ്ഞ പടക്കം മാത്രമാണെന്നാണ് ആക്ഷേപം.
ഉത്സവത്തിന് വെടിക്കെട്ടിന് മാത്രമായി 7 ലക്ഷം രൂപയാണ് സ്വകാര്യ വ്യക്തിക്ക് ക്വട്ടേഷൻ കൊടുത്തത്. എന്നാൽ പൊട്ടിയതോ വിഷുവിന് വീടുകളിൽ പൊട്ടിക്കുന്ന ഒരു പ്രകമ്പനംപോലും ഉണ്ടാക്കാൻ കഴിയാത്തത്ര മോശമായ പൊട്ടലാണെന്നാണ് പരക്കെ ആക്ഷേപം ഉയർന്നത്. ഏകദേശം ഒരു വെടിക്കെട്ടിന് ഒരു ലക്ഷം രൂപയോളം ചിലവ് വരും എന്നാണ് കണക്ക്. എന്നാൽ ഇത്തവണ പൊട്ടിച്ചതിന് ഓരോന്നിനും 25000 രൂപയ്ക്ക് ചുവടെ മാത്രമേ ചിലവ് വരും എന്നാണ് ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചയിൽ വ്യക്തമാകുന്നത്. കൂടാതെ പല സമയങ്ങളിലായി നടത്തേണ്ട വെടിക്കെട്ട് നടത്തിയിട്ടുമില്ല എന്നതും അഴിമതിയുടെ ആഴം വ്യക്തമാക്കുന്നു.

ഇതിനെതിരെ അന്വേഷണം നടത്തണമെന്നാണ് പലരും പരസ്യമായി ആവശ്യപ്പെടുന്നത്. ഗ്രൂപ്പിൽ പരസ്യ പ്രതികരണത്തിന് തയ്യാറായ എക്സിക്ക്യൂട്ടീവ് ഓഫീസർ വെടിക്കെട്ടിന് തീരുമാനമെടുത്തത് താനല്ലെന്നും നാട്ടുകാരുടെ കമ്മിറ്റിയാണെന്നുമാണ് മറുപടി നൽകിയത്. എന്നാൽ എക്സിക്യൂട്ടീവ് ഓഫീസർക്കാണ് ഇതിൻ്റെ ഉത്തരവാദിത്വമെന്ന് പലരും പറയുന്നു. വെടിക്കെട്ട് നടക്കാതായാൽ അത് ചോദ്യം ചെയ്യേണ്ടത് എക്സിക്യൂട്ടീവ് ഓഫീസറാണ് അദ്ധേഹം അത് ചെയ്യുന്നില്ലെന്നും ആക്ഷേപം ഉയരുകയാണ്. കൊടിയേറ്റ ദിവസത്തിൽപോലും വെടിക്കെട്ടിൽ വലിയ പരാതിയാണ് ഉയർന്നത്.

കഴിഞ്ഞ ഉത്സവത്തിൻ്റെ കണക്ക് അവതരണം ഇതുവരെയും നടത്തിയിട്ടില്ലെന്നാണ് മറ്റൊരു ആക്ഷേപമായി ഒരു വിഭാഗം ആളുകൾ ഉയർത്തിക്കൊണ്ടുവരുന്നത്. ഇതും വരും ദിവസങ്ങളിൽ വലിയ ചർച്ചയാകും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വെടിക്കെട്ടിന് ക്വട്ടേഷൻ കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വലിയ അഴിമതിക്കഥകൾ പുറത്ത് സംസാരമാണ്. മറ്റ് പലതരത്തിലുള്ള അഴിമതിയും പിഷാരികാവിൽ നടക്കുന്നതായും ഇക്കൂട്ടർ വിരൽചൂണ്ടുന്നു.

