KOYILANDY DIARY.COM

The Perfect News Portal

പുതിയപാലത്ത്‌ ” വലിയ പാലത്തിൻ്റെ ” പൈലിംഗ് ആരംഭിച്ചു

കോഴിക്കോട്‌ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുതിയപാലത്ത്‌ ‘വലിയ പാല’ത്തിന്റെ നിർമാണം തുടങ്ങി. പൈലിങ്‌ പ്രവൃത്തിയാണ്‌ തിങ്കളാഴ്‌ച ആരംഭിച്ചത്‌. കേരള റോഡ്‌ ഫണ്ട്‌ ബോർഡ് (കെആർഎഫ്‌ബി)ന്റെ ചുമതലയിലാണ്‌ നിർമാണം.  പൈലിങ്ങിനൊപ്പം രണ്ട്‌ മാസത്തിനുള്ളിൽ  തൂൺ നിർമാണത്തിലേക്ക്‌ കടക്കും. കാൽനടയാത്രക്കാർക്കായി തൊട്ടരികിൽ നിർമിച്ച  താൽക്കാലിക പാലം തുറന്നുകൊടുത്തു.
ആർച്ച്‌ മാതൃകയിൽ കനാലിനു കുറുകെ 196 മീറ്റർ നീളത്തിലാണ്‌ പുതിയ പാലം. ഇരുചക്ര വാഹനയാത്രപോലും ബുദ്ധിമുട്ടായിരുന്ന ഇവിടെ മറ്റ്‌ വാഹനങ്ങൾക്കും പോകാവുന്ന പാലമാണ്‌ വരുന്നത്‌. 16.53 കോടി രൂപയ്‌ക്കാണ്‌ നിർമാണം. നടുവിലായി 12 മീറ്ററും വശങ്ങളിൽ 11 മീറ്ററുമാണ്‌ വീതി. പിഎംആർ കൺസ്‌ട്രക്ഷൻ കരാർ കമ്പനിക്ക്‌ കഴിഞ്ഞ ഏഴിനാണ്‌ നിർമാണത്തിന്‌ സ്ഥലം കൈമാറിയത്‌.
ഒന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും. വലിയ പാലം വരുന്നതോടെ  മിനി ബൈപാസിൽനിന്ന് റെയിൽവേ സ്‌റ്റേഷൻ, തളി, കല്ലായി റോഡ് ഭാഗങ്ങളിലേക്ക്‌ എളുപ്പത്തിലെത്താനാവുന്നതിനൊപ്പം നഗരത്തിലെ ഗതാഗതത്തിരക്കിനും ചെറിയ ആശ്വാസമുണ്ടാവും.  നടുവിലുള്ള ബോസ്‌ട്രിങ്‌ ഗാർഡർ ഉൾപ്പെടെ ഏഴ്‌ സ്‌പാനുകൾ പാലത്തിനുണ്ടാകും. ഏഴര മീറ്ററാണ്‌ വാഹനത്തിന്‌ പോകാനുള്ള സൗകര്യം. ഇരുഭാഗത്തും നടപ്പാതയും ഓവുചാലും സർവീസ്‌ റോഡുമുണ്ടാകും. സ്ഥലമേറ്റെടുത്ത ഇനത്തിൽ  22.64 കോടി രൂപ  നൽകി. ഒന്നര കോടി രൂപ കൈമാറുന്നതോടെ ഇത്‌ പൂർത്തിയാവും. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 40.97 കോടി രൂപയാണ്‌ പദ്ധതിക്കായി നീക്കിവച്ചത്‌. കിഫ്‌ബി വഴിയാണ്‌ ഫണ്ട്‌.
വലിയ പാലമെന്ന ആവശ്യത്തിന്‌ നാലുപതിറ്റാണ്ടോളം പഴക്കമുണ്ട്‌. വിദ്യാർഥികളടക്കം നിരവധിപേരാണ്‌ പൊളിഞ്ഞുവീഴാറായ  പാലത്തിലൂടെ സഞ്ചരിച്ചിരുന്നത്‌. 2007ൽ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു. 2012ൽ യുഡിഎഫ്‌ സർക്കാർ 40 കോടി വാഗ്‌ദാനം  ചെയ്‌തുവെങ്കിലും പ്രഖ്യാപനത്തിലൊതുങ്ങി. തുടർന്ന്‌ എൽഡിഎഫ്‌ സർക്കാരാണ്‌ പാലം യാഥാർഥ്യമാക്കിയത്‌.
Share news