ശബരിമലയിൽ തീർത്ഥാടക തിരക്ക്; ഇന്നലെ മല ചവിട്ടിയത് ഒരു ലക്ഷത്തിലേറെ പേർ
.
ശബരിമലയിൽ തീർത്ഥാടക തിരക്കിൽ റെക്കോർഡ്. ഇന്നലെ മാത്രം ദർശനം നടത്തിയത് 1,13,168 പേരാണ്. ഈ തീർത്ഥാടന കാലത്തെ ഏറ്റവും വലിയ തിരക്ക് രേഖപ്പെടുത്തിയ ദിവസം കൂടിയാണിത്. തിരക്കിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പയിലും, എരുമേലിയിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ ശബരിമലയിൽ ദർശനം നടത്തിയത് 5 ലക്ഷത്തിലധികം തീർത്ഥാടകരാണ്.

അതേസമയം ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 1000 ബസ്സുകൾ സർവ്വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി പമ്പയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചേർന്ന യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. മകരവിളക്ക് സർവീസുകൾക്കായി നിലവിൽ തയ്യാറായിട്ടുള്ള 800 ബസ്സുകൾക്ക് പുറമെ അധികമായി ബസ്സുകൾ വേണ്ടി വന്നേക്കാമെന്ന് ദേവസ്വം സ്പെഷ്യൽ ഓഫീസർ അരുൺ എസ് ഐഎഎസ് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് തീരുമാനം.

പമ്പ നിലക്കൽ ബസ് സ്റ്റേഷനുകളും മന്ത്രി സന്ദർശിച്ചു. പമ്പയിലും നിലയ്ക്കലിലും സ്ഥാപിച്ച സ്മാർട്ട് ബസ് സ്റ്റോപ്പുകളുടെയും പമ്പ ബസ് സ്റ്റേഷനിലെ തീർത്ഥാടകർക്കായുള്ള ക്ലോക്ക് റൂമിന്റെയും പ്രവർത്തന പുരോഗതിയും മന്ത്രി വിലയിരുത്തി.




