KOYILANDY DIARY

The Perfect News Portal

പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് തുടക്കം. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് തുടക്കം. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പാക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ച് വരികയാണെന്ന് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുവെ മന്ത്രി പറഞ്ഞു. ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ത്രിതല പഞ്ചായത്തുകൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ബിഒടി അടിസ്ഥാനത്തിലും പെട്ടെന്ന് നടപ്പിലാക്കാൻ കഴിയുന്ന ചെറുതും വലുതുമായ പദ്ധതികൾ വിഭാവനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ വീടുകളിലും വെള്ളമെത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പദ്ധതിയായ ജൽ ജീവൻ മിഷനിലൂടെ 70,85,000 കുടുംബങ്ങൾക്കും പൈപ്പ് വെള്ളമെത്തിക്കുന്നതിൻ്റെ പ്രവൃത്തികൾ പുരോഗമിക്കുന്നുണ്ടെന്നും, 40 ലക്ഷം കുടുംബങ്ങൾക്ക് കണക്ഷൻ നൽകി കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടി നവ്യാ നായരുടെ നൃത്തസന്ധ്യ അരങ്ങേറി. മെയ് ഏഴിനാണ് ഫെസ്റ്റ് സമാപിക്കുക. കലാപരിപാടികൾ, കാർണിവൽ, എക്സ്പോ, ജലോത്സവം, പുഷ്പമേള, ബോട്ടിംഗ്, ഇക്കോ ടൂറിസം പവലിയൻ, വനയാത്ര തുടങ്ങിയ പരിപാടികളാണ് ഫെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കമ്പവലി, കളരിഗ്രാമം പ്രദർശനം, ഫുഡ് കോർട്ട്, പുസ്തകോത്സവം, വനയാത്ര, പ്രകൃതി ചിത്രരചന, ട്രക്കിംഗ് എന്നിവയും ഫെസ്റ്റിൻ്റെ ഭാഗമായി നടത്തുന്നുണ്ട്.
പഞ്ചായത്തിലെ കലാകാരൻമാരുടെ കലാപരിപാടികളുമായി ഗ്രാമോത്സവം, സിത്താര കൃഷ്ണകുമാറിൻ്റെ ഗാനമേള, സുധീർ പറവൂരും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ, കെ.പി.എ.സി.യുടെ ‘അപരാജിതൻ’ നാടകം, ഇശൽ നിലാവ്, ചിലമ്പൊലി ജില്ലാതല സംഘനൃത്ത മത്സരം എന്നിവയും ഉണ്ടായിരിക്കും.
Advertisements
ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പ്, ജലവിഭവ വകുപ്പ്, വനംവകുപ്പ്, കൃഷിവകുപ്പ്, കെഎസ്ഇബി, ചക്കിട്ടപാറ സഹകരണ ബാങ്ക്, ചക്കിട്ടപാറ വനിതാ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഉണ്ണി വേങ്ങേരി, വി.കെ പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജ ശശി, പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡണ്ട് കെ.സുനിൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.സി സുരാജൻ നന്ദിയും പറഞ്ഞു.