KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര ബൈപാസ്‌ നാളെ മുഖ്യമന്ത്രി നാടിന്‌ സമർപ്പിക്കും

കോഴിക്കോട്‌: ഗതാഗതക്കുരുക്കില്ലാത്ത യാത്രയെന്ന  പേരാമ്പ്രയുടെ കാലങ്ങളായ  സ്വപ്‌നം സാക്ഷാൽക്കാരത്തിലേക്ക്‌. നിർമാണം പൂർത്തീകരിച്ച പേരാമ്പ്ര ബൈപാസ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്‌ച  നാടിന്‌ സമർപ്പിക്കും. അഗ്രികൾച്ചർ റഗുലേറ്ററി മാർക്കറ്റിങ്‌ സൊസൈറ്റി ഗ്രൗണ്ടിൽ പകൽ 3.30ന്‌  നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ അധ്യക്ഷനാവും.  പദ്ധതി രണ്ട്‌ വർഷംകൊണ്ടാണ്‌ പൂർത്തീകരിച്ചത്‌.  ഗതാഗത കുരുക്കിന്‌ പരിഹാരമാകുന്നതിനൊപ്പം നാടിന്റെ  വികസനത്തിന്‌ ബൈപാസ്‌ കുതിപ്പേകുമെന്ന്‌ ടി പി രാമകൃഷ്‌ണൻ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോഴിക്കോട്–-കുറ്റ്യാടി റോഡിൽ കക്കാട് പള്ളിക്ക് സമീപത്തുനിന്ന് കല്ലോട് വരെ   12.2  കിലോമീറ്ററുള്ളതാണ് ബൈപാസ്. കിഫ്‌ബിയിൽ ഉൾപ്പെടുത്തി 12  മീറ്റർ വീതിയിൽ ആധുനിക രീതിയിൽ  ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ –ഓപ്പറേറ്റീവ് സൊസൈറ്റിയാണ്‌   നിർമിച്ചത്.  2021 ഫെബ്രുവരി 14-നാണ്  നിർമാണോദ്ഘാടനം നടന്നത്.  47.65 കോടി രൂപ  ചെലവിട്ടു. ബൈപാസിന്റെ രണ്ടറ്റം  വീതി കൂട്ടുന്നതിനും പേരാമ്പ്ര ബസ് സ്റ്റാൻഡിൽനിന്ന് ബൈപാസിലേക്ക് ലിങ്ക് റോഡ് നിർമിക്കുന്നതിനുമായി 16.71 കോടി രൂപയുടെ പദ്ധതി   അനുമതിക്കായി  കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്.  997 സെന്റാണ്‌  ഏറ്റെടുത്തത്‌.
Advertisements
മുൻ എംഎൽഎമാരായ എ കെ പത്മനാഭൻ, എൻ കെ രാധ, കെ കുഞ്ഞമ്മദ്‌ എന്നിവരും നിരന്തരം ഇടപെട്ടു.  2017–-18 ലെ ബജറ്റ്‌ നിർദേശമനുസരിച്ചാണ്‌ കിഫ്‌ബിയിൽ ഉൾപ്പെടുത്തിയത്‌. 139 പേരിൽനിന്നാണ്‌ ഭൂമി ഏറ്റെടുത്തത്‌. കോവിഡ്‌ പ്രതിസന്ധികാലത്തിനിടയിലും ജനപ്രതിനിധികളുടെയും  ഉദ്യോഗസ്ഥരുടെയും ഇടപെടലിന്റെ ഫലമായാണ്‌ കാലതാമസമില്ലാതെ ബൈപാസ്‌ നടപ്പായത്‌.  പേരാമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി കെ പ്രമോദും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.