KOYILANDY DIARY

The Perfect News Portal

ദേശാഭിമാനി പുരസ്കാരം എം മുകുന്ദന്‌

തിരുവനന്തപുരം: സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ദേശാഭിമാനി പുരസ്കാരം മലയാളത്തിന്റെ പ്രിയങ്കരനായ സാഹിത്യകാരൻ എം മുകുന്ദന്‌. മലയാള വായനക്കാരുടെ എക്കാലത്തെയും മികച്ച പുസ്തകമായ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ ഉൾപ്പെടെ, ആറുപതിറ്റാണ്ടിലധികമായി സാഹിത്യരംഗത്ത്‌ നൽകിയ അമൂല്യ സംഭാവനകൾ പരിഗണിച്ചാണിത്‌. മൂന്നുലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. ഇതോടനുബന്ധിച്ച്‌ മുകുന്ദൻ സാഹിത്യോത്സവവും സംഘടിപ്പിക്കും.

വെള്ളിയാഴ്ച ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌, ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ എന്നിവർ മുകുന്ദന്റെ മയ്യഴി പള്ളൂരിലെ മണിയമ്പത്ത്‌ വീട്ടിലെത്തിയാണ്‌ അവാർഡ്‌ വിവരം അറിയിച്ചത്‌. ദൽഹി, ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു, ദൈവത്തിന്റെ വികൃതികൾ, ആദിത്യനും രാധയും മറ്റു ചിലരും, ഈ ലോകം അതിലൊരു മനുഷ്യൻ, പ്രവാസം, ഡൽഹി ഗാഥകൾ, കുട നന്നാക്കുന്ന ചോയി തുടങ്ങി കഥ, നോവൽ, നോവലെറ്റ്‌, യാത്ര വിഭാഗങ്ങളിലായി അമ്പതിലധികം കൃതികൾ രചിച്ചു.

 

എഴുത്തച്ഛൻ പുരസ്കാരം, വയലാർ, കേന്ദ്ര–-കേരള സാഹിത്യ അക്കാദമി, ജെസിബി അവാർഡുകൾ, ഫ്രഞ്ച്‌ സർക്കാരിന്റെ ഷെവലിയാർ ബഹുമതി തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. ഫ്രഞ്ച്‌,  ഇംഗ്ലീഷ്‌ ഭാഷയിലും പ്രാവീണ്യമുണ്ട്‌. കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡണ്ടായിരുന്നു. ഡൽഹിയിലെ ഫ്രഞ്ച് എംബസിയിൽനിന്ന് ഡെപ്യൂട്ടി കൾച്ചറൽ അറ്റാഷെയായി സർവീസിൽനിന്ന്‌ സ്വയംവിരമിച്ചു. നാലു പതിറ്റാണ്ടുനീണ്ട പ്രവാസം അവസാനിപ്പിച്ച്‌ സ്വന്തം നാടിന്റെ ഓളങ്ങൾക്ക്‌ കാതുകൊടുക്കാനായി തിരികെവന്ന്‌ മയ്യഴിയിൽ താമസമാക്കുകയായിരുന്നു.

Advertisements

 

‘സാഹിത്യപ്രവർത്തനത്തിനുള്ള 
അംഗീകാരം’
സമഗ്ര സംഭാവനയ്‌ക്ക്‌ ദേശാഭിമാനി നൽകുന്ന പുരസ്‌കാരം ഈ വർഷം എനിക്കാണെന്ന് അറിഞ്ഞതിൽ സന്തോഷം. ദേശാഭിമാനിയെ എന്റെ കൃതജ്ഞത അറിയിക്കട്ടെ. കൗമാരപ്രായം മുതൽ പതിവായി വായിക്കുന്ന പത്രമാണിത്. ആറു പതിറ്റാണ്ടായുള്ള എന്റെ സാഹിത്യപ്രവർത്തനത്തിനുള്ള അംഗീകാരമായി പുരസ്‌കാരത്തെ കാണുന്നു. മനുഷ്യസ്വാതന്ത്ര്യത്തിനുവേണ്ടിയാണ് എന്നും നിലകൊണ്ടത്. വിശാല മാനവികതയും നൈതികതയുമാണ് എന്റെ രചനകളെ എന്നും പ്രചോദിപ്പിച്ചത്.  ഈ പരിശ്രമം തുടരാൻ ദേശാഭിമാനി പുരസ്‌കാരം പ്രേരണ നൽകുമെന്നും എം മുകുന്ദൻ പറഞ്ഞു.