പത്തനംതിട്ട പീഡനകേസ്; എഫ്ഐആറുകളുടെ എണ്ണം 29 ആയി

പത്തനംതിട്ടയിൽ പെൺകുട്ടിയെ 5 വർഷത്തിനിടെ 62 പേരോളം പീഡനത്തിന് ഇരയാക്കിയ കേസിൽ എഫ്ഐആറുകളുടെ എണ്ണം 29 ആയി. ഇതുവരെ 28 പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജില്ലയിലെ കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പന്തളം, മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളിൽ ഓരോ കേസുകൾ വീതം പുതുതായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളിൽ ചിലർ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുകയാണ്.

അതേ സമയം, ഇന്നലെയും കേസിൽ നിരവധി അറസ്റ്റ് നടന്നു. 6 യുവാക്കളെ റാന്നിയിൽ നിന്നും പത്തനംതിട്ട പൊലീസ് ഇന്നലെ പിടികൂടി. പി. ദീപു (22), അനന്ദു പ്രദീപ് (24), അരവിന്ദ് (23), വിഷ്ണു (24), ബിനു ജോസഫ് (39), അഭിലാഷ് കുമാർ (19) എന്നിവരെയാണ് ഇന്നലെ വൈകിട്ട് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

ഇന്നലെ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ഒന്നിലെ അഞ്ച് പ്രതികളും, ഇലവുംതിട്ട സ്റ്റേഷനിലെ കേസിലെ ഒരു പ്രതിയും ഉൾപ്പെടെയാണ് ഇത്. അഭിലാഷ് കുമാർ ആണ് ഇലവുംതിട്ടയിലെ ഒരു കേസിലെ പ്രതി. പത്തനംതിട്ടയിലെ മറ്റ് രണ്ട് കേസുകളിലായി 3 പ്രതികൾ പിടിയിലാവാനുമുണ്ട്. ഈ കേസുകളിൽ കണ്ണൻ (21), അക്കു ആനന്ദ് (20), ഒരു കൗമാരക്കാരൻ എന്നിങ്ങനെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞവർഷം പ്ലസ് ടൂവിന് പഠിക്കുമ്പോൾ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ദീപുവും ഇയാളുടെ സുഹൃത്തുക്കളും ചേർന്ന് റാന്നി മന്ദിരംപടിയിലെ റബ്ബർ തോട്ടത്തിൽ എത്തിച്ച് കാറിനുള്ളിൽ വെച്ച് പീഡിപ്പിച്ചതായി മൊഴി നൽകിയതുപ്രകാരം പത്തനംതിട്ട പോലീസ് ഇന്നലെ രജിസ്റ്റർ ചെയ്ത കേസിലാണ് 6 പേർ റാന്നിയിൽ നിന്നും പിടിയിലായത്.

സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിച്ചു. ജില്ലാ പോലീസ് മേധാവി വിജി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. അന്വേഷണ പുരോഗതി ദിവസവും ജില്ലാ പോലീസ് മേധാവി നേരിട്ട് വിലയിരുത്തും. ശാസ്ത്രീയ തെളിവുകൾ അടക്കം പോലീസ് ശേഖരിച്ചു വരികയാണ്. മൊബൈൽ ഫോണുകളും മറ്റും പരിശോധിച്ച് വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

