ഇന്തോനേഷ്യയിൽ കടലിന് നടുവിൽ യാത്രാ കപ്പലിന് തീ പിടിച്ചു; ഗർഭിണിയടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന് സമീപം കടലിൽ നൂറുകണക്കിന് ആളുകളുമായി പോയ ഒരു യാത്രാ ഫെറിക്ക് തീപിടിച്ച് അഞ്ച് പേർ മരിച്ചു. ഞായറാഴ്ചയാണ് സംഭവം നടന്നത്. 280 ലധികം പേരെ രക്ഷപ്പെടുത്തിയതായും ആളുകളെ കപ്പലിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ ഒരു ദ്വീപായ തലൗദിൽ നിന്ന് വടക്കൻ സുലവേസി പ്രവിശ്യയുടെ തലസ്ഥാനമായ മനാഡോയിലേക്ക് പോകുകയായിരുന്ന കെഎം ബാഴ്‌സലോണ 5 എന്ന യാത്രാ കപ്പലിനാണ് തീപിടിച്ചത്.

രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ മൂന്ന് കപ്പലുകൾ വിന്യസിച്ചിട്ടുണ്ടെന്നും, ഇതുവരെ യാത്രക്കാരെയും ജീവനക്കാരെയും അടക്കം 286 പേരെ ഒഴിപ്പിച്ചിട്ടുണ്ടെന്നും ഇന്തോനേഷ്യൻ ഫ്ലീറ്റ് കമാൻഡിന്‍റെ വൈസ് അഡ്മിറൽ ഡെനിഹ് ഹെൻഡ്രാറ്റ പറഞ്ഞു. പ്രാണരക്ഷാർത്ഥം കപ്പലിൽ നിന്ന് കടലിൽ ചാടിയ ചിലരെ പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. കൃത്യമായ കണക്കുകൾ ലഭ്യമല്ലാത്തതാണ് അധികൃതരെ ആശങ്കയിലാക്കുന്നത്.

ലൈഫ് ജാക്കറ്റുകൾ ധരിച്ച് പരിഭ്രാന്തരായ യാത്രക്കാർ കടലിലേക്ക് ചാടുന്ന ദൃശ്യങ്ങൾ നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി പുറത്തുവിട്ടു. ഗർഭിണിയായ സ്ത്രീ ഉൾപ്പെടെ അഞ്ച് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഫെറിയിലുണ്ടായിരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും 17,000-ത്തിലധികം ദ്വീപുകൾ ചേർന്ന ഒരു ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ യാത്രാ കപ്പലുകൾ ഒരു സാധാരണ യാത്രാരീതിയാണ്. എന്നാൽ, സുരക്ഷാ സംവിധാനങ്ങൾ ദുർബലമായതിനാൽ ദുരന്തങ്ങൾ സംഭവിക്കുന്നതും ഇവിടെ പതിവാണ്.

