KOYILANDY DIARY.COM

The Perfect News Portal

പഹൽഗാം ഭീകരാക്രമണം; സര്‍വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് വിശദീകരിക്കാൻ സര്‍വകക്ഷിയോഗം ഇന്ന് ചേരും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ആയിരിക്കും ​യോ​ഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോ​ഗത്തിൽ പങ്കെടുക്കും. മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങളും അന്വേഷണ വിവരങ്ങളും യോഗം ചര്‍ച്ച ചെയ്യും.

ഭീകരാക്രമണത്തിന് ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ഇന്ന് യോഗം ചേരുന്നുണ്ട്. ജമ്മുകശ്മീര്‍ കനത്ത സുരക്ഷാവലയത്തിലാണ്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു. ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചോ എന്നതിലും അന്വേഷണം തുടരുകയാണ്. മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല വിളിച്ച സര്‍വകക്ഷിയോഗവും ഇന്ന് നടക്കും.

 

ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. ആക്രമണത്തെ മന്ത്രിസഭ സമിതിയോഗം അപലപിച്ചു. തിരിച്ചടിയുടെ ഭാഗമായി അട്ടാരി അതിർത്തി അടയ്ക്കും. പാകിസ്താനുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കി. പാക് പൗരന്മാർക്ക് വിസ നൽകില്ലെന്നും തീരുമാനം. ഇന്ത്യൻ അറ്റാഷെമാരെ പിൻവലിച്ചതിനൊപ്പം 48 മണിക്കൂറിനുള്ളിൽ എല്ലാ പാക് പൗരന്മാരും ഇന്ത്യ വിടണമെന്നും നിർദേശമുണ്ട്. പാക് പ്രതിരോധ ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്നും പുറത്താക്കി. സാർക്ക് വിസകളും റദ്ദാക്കിയിട്ടുണ്ട്. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് യാത്രാവിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. കനത്ത ജാഗ്രത തുടരാൻ സേനകൾക്ക് നിർദേശം നൽകി. അതേസമയം, പെഹൽഗാം ആക്രമണത്തിൽ 26 പേർ മരിച്ചതായി മന്ത്രിസഭ സ്ഥിരീകരിച്ചു.

Advertisements

 

 

Share news