50000 ഹെക്ടറിൽ ജൈവ കൃഷി
തിരുവനന്തപുരം: ജൈവ കാർഷിക മിഷന് കീഴിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50000 ഹെക്ടർ ഭൂമി ജൈവ കൃഷിയിടങ്ങളാക്കി മാറ്റും. പ്രതിവർഷം 10000 ഹെക്ടർ ഭൂമിയാണ് ജൈവ കൃഷിയിടങ്ങളാക്കി മാറ്റുക. ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ സർട്ടിഫിക്കേഷൻ, ബ്രാൻഡിങ്, വിപണനം എന്നിവയിൽ മിഷൻ ശ്രദ്ധിക്കും. അഗ്രോ ഇക്കോളജിക്കൽ സോൺ അടിസ്ഥാനത്തിൽ പോഷക പ്രാധാന്യ വിളകൾ കൃഷി ചെയ്യാനായി പോഷക സമൃദ്ധിമിഷനും ആരംഭിച്ചിട്ടുണ്ട്. മൂന്നുവർഷത്തിനകം 75 ലക്ഷം കുടുംബങ്ങൾക്ക് പോഷക സമൃദ്ധ ആഹാരം നൽകുകയാണ് ലക്ഷ്യം.

● കേരൾ അഗ്രോ ബ്രാൻഡിൽ ആയിരം മൂല്യവർധിത കാർഷിക ഉൽപ്പന്നങ്ങൾ പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ എത്തിക്കും.

●ഞങ്ങളും കൃഷിയിലേക്ക് ക്യാമ്പയിനിന്റെ ഭാഗമായി രൂപീകരിച്ച 30000 കൃഷിക്കൂട്ടങ്ങളിലൂടെ മൂന്ന് ലക്ഷം തൊഴിൽ അവസരമുണ്ടാക്കും.

പാൽ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്‌തത

ഒരു വർഷത്തിനകം പാൽ ഉൽപ്പാദനത്തിൽ കേരളം സ്വയംപര്യാപ്‌തമാകും. നിലവിൽ പാൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനമാണ്. കഴിഞ്ഞ വർഷം കേന്ദ്ര മൃഗസംരക്ഷണവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും മികച്ച നിലവാരമുള്ള പാൽ ഉൽപ്പാദിക്കുന്നത് മിൽമയുടെ മലബാർ യൂണിയനാണ്.
● കുളമ്പുരോഗങ്ങൾക്കെതിരെ സമഗ്ര വാക്‌സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു.
●റീബിൽഡ് കേരള ഇനിഷ്യേറ്റീവിന് കീഴിൽ എല്ലാ ബ്ലോക്കുകളിലും മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ.

സപ്ലൈകോയ്‌ക്ക് 3473 കോടിയുടെ വിറ്റുവരവ്
സിവിൽ സപ്ലൈസ് കോർപറേഷന് 3473 കോടി രൂപയുടെ വിറ്റുവരവ്. നടപ്പു സാമ്പത്തിക വർഷം ലക്ഷ്യമിട്ടത് അയ്യായിരം കോടി രൂപ. ഇആർപി സോഫ്‌റ്റ്‌വെയർ ആരംഭിക്കൽ, ഓൺലൈൻ വിതരണം, പെട്രോളിയം ബിസിനസ് വ്യാപിപ്പിക്കൽ, ഇലക്‌ട്രിക് ചാർജിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കൽ എന്നിവയും നടപ്പാക്കും.
ഒരു ലക്ഷം മുൻഗണനാ കാർഡ് നൽകും
സംസ്ഥാനത്ത് അടുത്ത വർഷത്തിനകം ഭക്ഷ്യവകുപ്പ് ഒരുലക്ഷം മുൻഗണനാ റേഷൻകാർഡ് നൽകും. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന മുൻഗണനാ കാർഡുകൾ കണ്ടെത്താൻ ‘ഓപ്പറേഷൻ യെല്ലോ ’ യ്‌ക്ക് കഴിഞ്ഞു. ‘ഓപ്പറേഷൻ യെല്ലോ’യിലൂടെ കണ്ടെത്തിയ കാർഡുകളും സ്വമേധയ സറണ്ടർ ചെയ്‌ത കാർഡുകളും ചേർത്ത് 366397 മുൻഗണനാ കാർഡുകൾ അർഹരായവർക്ക് നൽകി.

●കെ സ്‌റ്റോറുകളുടെ എണ്ണം രണ്ടായിരമാക്കും.
പാരാമെഡിക്‌സ് ട്രെയിനി സ്കീം
ആരോഗ്യ കേന്ദ്രങ്ങളിൽ ട്രൈബൽ പാരാമെഡിക്‌സ് ട്രെയിനി സ്കീം നടപ്പാക്കും. പട്ടിക ഗോത്രവർഗ വിദ്യാർഥികൾക്കാണ് നിയമനം. സ്കോളർഷിപ് നൽകും.
കേന്ദ്രസർക്കാർ മുടക്കിയ പ്രീ മെട്രിക് സ്കോളർഷിപ്പിന് പകരം സംസ്ഥാന സർക്കാർ ബദൽ സ്കോളർഷിപ് പദ്ധതിക്ക് രൂപം നൽകും.
വയോജന കമീഷൻ
പുതുവർഷ സമ്മാനമായി വയോജന കമീഷൻ സ്ഥാപിക്കും. മുതിർന്ന പൗരന്മാരുടെ ഡിജിറ്റൽ സാക്ഷരത ലക്ഷ്യമാക്കി ഐ ടി @ എൽഡർലി തുടങ്ങും.

നയചട്ടക്കൂട്
മാലിന്യസംസ്കരണത്തിന് സംസ്ഥാന സർക്കാർ ദൃഢ–-സുസ്ഥിര നയചട്ടക്കൂട് ഉണ്ടാക്കും. സ്ക്രാപ്പ്, പന്നിഫാം നയം, സ്വകാര്യ പങ്കാളിത്തം എന്നിവ ഉൾപ്പെടുത്തും.
പകര്‍ച്ചവ്യാധി പ്രതിരോധം
പകർച്ച വ്യാധികളുടെ തീവ്ര നിരീക്ഷണത്തിനും ഏകാരോഗ്യ സമീപനത്തിനും മുൻഗണന നൽകും. ജില്ലാ വൈറൽ ഹൈപ്പറൈറ്റിസ് മാനേജ്മെന്റ് യൂണിറ്റും ചികിത്സാകേന്ദ്രവും സ്ഥാപിക്കും.
സിനി ടൂറിസം കേന്ദ്രം
രണ്ട് സിനി ടൂറിസം കേന്ദ്രം അടുത്തവർഷം വികസിപ്പിക്കും. ഹെലി, ക്രൂയിസ് ടൂറിസം പദ്ധതി പുരോഗമിക്കുകയാണ്. കൈത്തറി ഡിസൈൻ സ്റ്റുഡിയോ, ട്രാൻസിറ്റ് സ്റ്റേ സൗകര്യം എന്നിവ ആരംഭിക്കും.
