ഓപ്പറേഷന്‍ നുംഖോര്‍: നടൻ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

ഓപ്പറേഷന്‍ നുംഖോറില്‍ വാഹനം പിടിച്ചെടുത്ത കേസിൽ നടൻ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി. ലാന്‍ഡ് റോവര്‍ വാഹനം പിടിച്ചെടുത്തത് ചോദ്യം ചെയ്താണ് ഹര്‍ജി. എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുല്‍ഖര്‍ ഹർജിയിൽ പറയുന്നു. ഭൂട്ടാനിൽനിന്ന് ആഡംബര വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്യുന്നതിനെതിരെ രാജ്യ വ്യാപകമായി കസ്റ്റംസ് പരിശോധന നടത്തുകയാണ്.

ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിലാണ് പ്രമുഖ വ്യവസായികളുടെയും സിനിമാ താരങ്ങളുടെയും വീടുകളിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം റെയ്ഡ് നടത്തുന്നത്. നൂറിലധികം വാഹനങ്ങൾ അനധികൃതമായി ഇറക്കുമതി ചെയ്തതായി കസ്റ്റംസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഈ നീക്കം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ഉൾപ്പെടെ മുപ്പതോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. വിദേശത്ത് നിന്നും ആഡംബര കാറുകൾ ഭൂട്ടാൻ വഴി ഇറക്കുമതി ചെയ്തു എന്ന കേസിലാണ് അന്വേഷണവും പരിശോധനയും നടക്കുന്നത്.

നികുതി വെട്ടിക്കുന്നതിന് വേണ്ടി അത്യാഢംബര കാറുകൾ ഭൂട്ടാനിൽ എത്തിച്ച് അവിടെ രജിസ്റ്റർ ചെയ്ത ശേഷം ഉപയോഗിച്ച വാഹനങ്ങൾ എന്ന ഗണത്തിൽ പെടുത്തി രാജ്യത്ത് എത്തിക്കുന്നതായിരുന്നു രീതി. ഇത്തരക്കാർ ഭൂട്ടാനിൽ നിന്നും റോഡ് മാർഗം ഹിമാചലിൽ എത്തിച്ച് രാജ്യത്ത് വിൽപന നടത്തുന്ന സംഘത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇവരിൽ നിന്നും വാഹനങ്ങൾ വാങ്ങിയവരിലേക്കാണ് അന്വേഷണം നീളുന്നത്.

