ഓപ്പറേഷൻ ബേലൂർ മഖ്ന ദൗത്യം ആറാം ദിനം പുനരാരംഭിച്ചു

ഓപ്പറേഷൻ ബേലൂർ മഖ്ന ദൗത്യം ആറാം ദിനം പുനരാരംഭിച്ചു. കേരള – കർണാടക സംയുക്ത സംഘമാണ് ദൗത്യത്തിൽ ഉള്ളത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ കൂടി ദൗത്യസംഘത്തിനൊപ്പം ചേരും. ആനയിപ്പോൾ പനവല്ലി – എമ്മാടി പ്രദേശത്ത് ആണ്. പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം കർണാടക സിസിഎഫിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘം കാട്ടിക്കുളം ബേലൂരിൽ എത്തിയിരുന്നു. ബേലൂർ മഖ്ന ദൗത്യത്തിൽ പങ്കെടുക്കാൻ കർണാടക വനം വകുപ്പ് സംഘം വയനാട്ടിലെത്തിയിരുന്നു. ബന്ദിപ്പൂർ ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം വനത്തിൽ പരിശോധന നടത്തിയിരുന്നു.

ദൗത്യം അഞ്ചാം ദിവസവും ഏറെ ദുഷ്കരമായിരുന്നു. രാത്രിയിൽ ആന റോഡ് മുറിച്ചു കടന്ന് ആറ് കിലോമീറ്ററോളം സഞ്ചരിച്ച് മാനിവയലിൽ എത്തിയിരുന്നു. രാത്രി മുഴുവനും ആനയുടെ പുറകെ ദൗത്യസംഘം ഉണ്ടായിരുന്നു. രാത്രിയിൽ തന്നെ വനപാലകർ മാനിവയലിലെ ആളുകൾക്ക് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ കുതിരക്കോട്, ആലത്തൂർ, ബേഗൂർ, ചേലൂർ എന്നിവിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

