KOYILANDY DIARY

The Perfect News Portal

വിശ്വസിച്ച്‌ വോട്ടുചെയ്യാൻ പറ്റുന്നത്‌ ഇടതുപക്ഷത്തിന്‌ മാത്രം; എം മുകുന്ദൻ

കണ്ണൂർ: പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ വിശ്വസിച്ച്‌ വോട്ടുചെയ്യാൻ പറ്റുന്നത്‌ ഇടതുപക്ഷത്തിന്‌ മാത്രമാണെന്ന്‌ എഴുത്തുകാരൻ എം മുകുന്ദൻ. ഇടതുപക്ഷത്തുള്ളവർ മറുകണ്ടം ചാടില്ലെന്ന്‌ ഉറപ്പിക്കാം. മറ്റ്‌ പാർടികളെ കുറിച്ച്‌ അങ്ങിനെ പറയാനാവില്ല. കെ കരുണാകരന്റെ മകളും എ കെ ആന്റണിയുടെ മകനും  മറുകണ്ടം ചാടിയതിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്‌. കണ്ണൂർ പ്രസ്‌ക്ലബ്ബിന്റെ രജിത്‌റാം പുസ്‌ക്കാരം വിതരണം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശങ്കളുടെ കാലത്താണ്‌ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. തെരഞ്ഞെടുപ്പെന്ന്‌ കേൾക്കുമ്പോൾ ഭയമാണ്‌. ഇലക്‌ട്രോണിക്‌ വോട്ടിങ്‌ മെഷീ(ഇവിഎം)നെ അത്രക്കങ്ങ്‌ വിശ്വസിക്കാൻ പറ്റുമെന്ന്‌ തോന്നുന്നില്ല. സാങ്കേതികമായി ഏറ്റവും വികസിച്ച്‌ നിൽക്കുന്ന അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ എട്ടിടങ്ങളിൽ മാത്രമാണ്‌ ഇവിഎം ഉപയോഗിക്കുന്നത്‌. നിർമിത ബുദ്ധിയുടെ കാലത്ത്‌ ഇവിഎമ്മിൽ വിശ്വാസമർപ്പിക്കാനാവില്ലെന്ന്‌ ഐടി വിദഗ്‌ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

 

പ്രതിപക്ഷ പാർടികൾ ഇവിഎമ്മിനെതിരെ രംഗത്ത്‌ വരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്‌. ബാലറ്റിലൂടെ തെരഞ്ഞെടുപ്പിലാണ്‌ വിശ്വാസ്യത കൂടുതൽ. കേരളത്തിൽ കമ്യൂണിസ്‌റ്റ്‌ പാർടി അധികാരത്തിൽ വന്നത്‌ ബാലറ്റിലൂടെയാണ്‌. ഇന്ത്യൻ ജനാധിപത്യവും വളർന്ന്‌ വികസിച്ചത്‌ ബാലറ്റിലൂടെയാണ്‌. ഇവിഎമ്മിൽ വേട്ടുചെയ്യുന്നവർക്ക്‌ താൻ ചെയ്യുന്നയാൾക്ക്‌ തന്നെയോണോ വോട്ട്‌ പതിയുന്നതെന്ന ഉറപ്പ്‌ ലഭിക്കണം. എങ്കിൽ മാത്രമമെ ഇവിഎമ്മിനെ വിശ്വസിക്കാനാവുകയുളളൂവെന്നും മുകുന്ദൻ പറഞ്ഞു.

Advertisements

 

പൗരത്വ നിയമം ഭീകരം: എം മുകുന്ദൻ
രാജ്യത്ത്‌ പൗരത്വ നിയമം നടപ്പിലാക്കിയാലുണ്ടാവുന്ന ഭവിഷ്യത്തുകൾ അതിഭീകരമായിരിക്കുമെന്ന്‌ എം മുകുന്ദൻ. വലിയൊരു വിഭാഗം ജനങ്ങൾ രാജ്യത്തിനകത്ത്‌ അഭയാർത്ഥികളായി മാറും. ബംഗ്ലാദേശിൽ നിന്നും അഭയാർത്ഥികളായെത്തിയവർ പറിച്ചെറിയപ്പെടും. അവരുടെ മക്കൾക്ക്‌ സ്‌കൂളിൽ പോകാനാവില്ല. മേൽവിലാസമില്ലാത്ത അഭയാർത്ഥികളുടെ വലിയൊരു ലോകമാണ്‌ സൃഷ്‌ടിക്കപ്പെടുക. ഇതാണ്‌ നിയമം നടപ്പാക്കുന്നവർ ഉന്നംവെക്കുന്നതെന്നും മുകുന്ദൻ പറഞ്ഞു.