KOYILANDY DIARY

The Perfect News Portal

കേന്ദ്ര സർക്കാരിന് പദ്ധതി സമർപ്പിച്ചത് കേരളം മാത്രം. സിആർസെഡ് പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ച് വരുന്നു: മന്ത്രി സജി ചെറിയാൻ

വടകര: തീരമേഖലയിലെ സിആർസെഡ് പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇതുസംബന്ധിച്ച് പഠനം നടത്തി കേന്ദ്ര സർക്കാരിന് സമഗ്ര പദ്ധതി സമർപ്പിച്ചത് കേരളം മാത്രമാണെന്നും ഫിഷറീസ്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. വടകര മണ്ഡലം തീരസദസ്സ്‌ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും അവരുടെ  സന്തോഷകരമായ ജീവിതം ഉറപ്പാക്കാനുമാണ്‌ തീര സദസ്സുകൾ സംഘടിപ്പിക്കുന്നത്‌.
മത്സ്യ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ കാലതാമസമില്ലാതെ പരിഹരിക്കും. 10585 വീടുകൾ അനുവദിച്ചിട്ടുണ്ട്‌. തീരമേഖലയിലെ വീടുകളുടെ നവീകരണ പദ്ധതി ഈ വർഷം ആരംഭിക്കും. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഏതറ്റം വരെ പഠിക്കാനുള്ള സൗകര്യവും ഒരുക്കും. ഫിഷറീസ് സർവകലാശാലയുടെ കൂടുതൽ കോഴ്‌സുകളും  വിവിധ ഭാഗങ്ങളിൽ അനുവദിക്കും. അനധികൃത മത്സ്യ ബന്ധനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും.  ലൈഫ് ജാക്കറ്റുകളുടെ ഉപയോഗം കർശനമാക്കും.  മത്സ്യത്തൊഴിലാളി ക്ഷേമനിധി പരിഷ്കരിക്കുമെന്നും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും  മന്ത്രി പറഞ്ഞു.
Advertisements
കെ കെ രമ എംഎൽഎ അധ്യക്ഷയായി. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി ചന്ദ്രശേഖരൻ, പി ശ്രീജിത്ത്, ആയിഷ ഉമ്മർ, നഗരസഭ വൈസ് ചെയർമാൻ പി സജീവ് കുമാർ, ടി പി ഗോപാലൻ, പുറന്തോടത്ത് സുകുമാരൻ, കെ പ്രകാശൻ, പി സോമശേഖരൻ, ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടർ ബി സുധീർ കിഷൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു സ്വാഗതവും ഫിഷറീസ് ജോ. ഡയറക്ടർ ആർ അമ്പിളി നന്ദിയും പറഞ്ഞു.