‘ഓടക്കുഴൽ അവാർഡ്’ കവി പി എൻ ഗോപീകൃഷ്‌ണന്

കൊച്ചി: ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2023-ലെ ‘ഓടക്കുഴൽ അവാർഡ്’ കവി പി എൻ ഗോപീകൃഷ്‌ണന് സമ്മാനിച്ചു. കവിയും സാഹിത്യ നിരൂപകനുമായ ഡോ. ഇ വി രാമകൃഷ്ണനാണ് അവാർഡ് നൽകിയത്. ഗോപീകൃഷ്‌ണന്റെ “കവിത മാംസഭോജിയാണ്’ കവിതാ സമാഹാരത്തിനാണ് പ്രശസ്തിപത്രം, ശിൽപ്പം, 30,000 രൂപ എന്നിവ അടങ്ങുന്ന പുരസ്‌കാരം ലഭിച്ചത്. നമ്മൾ എവിടെയാണ് നമ്മളെ കുഴിച്ചിട്ടിരിക്കുന്നത് എന്ന് പറയുന്നതാണ് ഇപ്പോഴത്തെ രാഷ്‌ട്രീയകവിതയെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി പി എൻ ഗോപീകൃഷ്‌ണൻ പറഞ്ഞു.

3000 വർഷത്തെ പാരമ്പര്യമുള്ള കവിത നിരന്തരം മാറിക്കൊണ്ടിരിക്കുന്ന മാധ്യമമാണ്. ഒരു കവിയെയും പ്രത്യേക കള്ളിയിലൊതുക്കി വിശേഷിപ്പിക്കാൻ കഴിയില്ല. ഭക്തകവിയെന്ന് പി കുഞ്ഞിരാമൻനായരെയും മിസ്‌റ്റിക് കവിയെന്ന് ജി ശങ്കരക്കുറുപ്പിനെയും ആദ്യകാലത്ത് വിശേഷിപ്പിച്ചത് തെറ്റാണെന്ന് അവരുടെ പിന്നീടുള്ള കവിതകൾതന്നെ തെളിയിച്ചതായും ഗോപീകൃഷ്‌ണൻ പറഞ്ഞു. 1989ൽ നെഹ്‌റുവിന്റെ ജന്മശതാബ്‌ദിക്ക് ഭോപാൽ ഭാരത് ഭവനിൽ ലോകപ്രശസ്‌ത സാഹിത്യകാരന്മാരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയെങ്കിൽ ഇന്നതിന്റെ ചരിത്രരേഖകൾപോലും അവിടെ അവഗണിക്കപ്പെട്ടുകിടക്കുകയാണെന്ന് പുരസ്‌കാരം സമ്മാനിച്ച് ഡോ. ഇ വി രാമകൃഷ്‌ണൻ പറഞ്ഞു.

ചടങ്ങിൽ കെ ബി പ്രസന്നകുമാർ അവാർഡ് ജേതാവിനെക്കുറിച്ചും പുസ്‌തകത്തെക്കുറിച്ചും സംസാരിച്ചു. ട്രസ്റ്റ് സെക്രട്ടറി ജി മധുസൂദനൻ, ബി ഭദ്ര എന്നിവരും സംസാരിച്ചു. കവികളായ എസ് ജോസഫ്, ആർ കെ ദാമോദരൻ, കെഎസ്‌എഫ്‌ഇ ചെയർമാൻ കെ വരദരാജൻ, സിഐസിസി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. കവിസമ്മേളനത്തിൽ പ്രൊഫ. നെടുമുടി ഹരികുമാർ, എസ് ജോസഫ്, ആർ കെ ദാമോദരൻ, പൂച്ചാക്കൽ ഷാഹുൽ ഹമീദ്, ബിജോയ് ചന്ദ്രൻ, അയ്മനം രവീന്ദ്രൻ, ദയ പച്ചാളം, അനിൽ മുട്ടാർ, കെ വി അനിൽകുമാർ, പ്രശാന്തി ചൊവ്വര, ഗണേഷ് പുത്തൂർ എന്നിവർ പങ്കെടുത്തു.

