KOYILANDY DIARY.COM

The Perfect News Portal

സമാധാനത്തിനുള്ള നൊബേല്‍ പുരസ്ക്കാരം മരിയ കൊറീന മച്ചാഡോയ്ക്ക്

.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മരിയ കൊറീന മച്ചാഡോയ്ക്ക്. ജനാധിപത്യ പോരാട്ടത്തിനാണ് വെനസ്വേലയിലെ പ്രതിപക്ഷ നേതാവ് പുരസ്‌കാരത്തിന് അര്‍ഹയായത്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്ഷീണ പ്രയത്നത്തിനും സ്വേച്ഛാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് അവര്‍ക്ക് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുരസ്‌കാരത്തിനായി പരസ്യമായി അവകാശവാദമുന്നയിച്ചതാണ് നൊബേല്‍ സമാധാന പുരസ്‌കാരം ഇത്രയേറെ ചര്‍ച്ചയാകാന്‍ കാരണം. ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ മുന്‍കൈയെടുത്തുവെന്നും സമാധാനത്തിനുള്ള നോബെല്‍ സമ്മാനം തനിക്ക് അര്‍ഹതപ്പെട്ടതാണെന്നും ട്രംപ് പലവട്ടം പ്രസ്താവനകള്‍ നടത്തിയിരുന്നു. ‘നൊബേല്‍ ലഭിക്കാതിരുന്നാല്‍ രാജ്യത്തിന് അത് വലിയ അപമാനമാകും’ എന്നാണ് പ്രതികരണം. ഏറ്റവുമൊടുവില്‍ ഹമാസ് -ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും നൊബേല്‍ സമ്മാനത്തിനുള്ള അര്‍ഹതയായി ട്രംപ് ഉയര്‍ത്തിക്കാട്ടി. തനിക്ക് വേണ്ടി നോബെല്‍ സമ്മാനത്തിന് ലോബിയിങ് നടത്താന്‍ നോര്‍വെയിലെ ധനമന്ത്രിയായ മുന്‍ നാറ്റോ മേധാവി ജെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗിനെ ട്രംപ് വിളിക്കുക പോലും ചെയ്തിരുന്നു.

Advertisements

 

സമാധാനത്തിനുള്ള നൊബേലിനായി 338 നോമിനികളെയാണ് നൊബെല്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. അതില്‍ 244 വ്യക്തികളും 94 എണ്ണം സംഘടനകളുമാണ്. നോര്‍വെയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ തെരഞ്ഞെടുത്ത അഞ്ചംഗങ്ങളാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര സമിതിയിലുള്ളത്. ഈ വര്‍ഷം ജനുവരി 31-നായിരുന്നു നാമനിര്‍ദ്ദേശത്തിനുള്ള അവസാന തീയതി. ലോകരാജ്യങ്ങളുടെ സര്‍ക്കാരുകളില്‍ നിന്നും ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ നിന്നോ ചരിത്രം, സാമൂഹ്യശാസ്ത്രം, നിയമം, ഫിലോസഫി, തിയോളജി തുടങ്ങിയ വിഷയങ്ങളിലെ സര്‍വകലാശാല പ്രൊഫസര്‍മാരടക്കമുള്ളവരില്‍ നിന്നുമാണ് നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാറുള്ളത്. നോമിനികളുടെ പേര് നാമനിര്‍ദ്ദേശം ചെയ്തവര്‍ പ്രഖ്യാപനം വരെ രഹസ്യമായി വെയ്ക്കണമെന്നാണ് നിയമം.

Share news