KOYILANDY DIARY

The Perfect News Portal

16-ന് കേരളത്തിൽ ഹർത്താൽ ഇല്ല. രാജ്ഭവൻ മാർച്ചും പ്രാദേശിക പ്രതിഷേധങ്ങളും മാത്രം

കോഴിക്കോട് – കൊയിലാണ്ടി: 16-ന് കേരളത്തിൽ കർഷക ഹർത്താൽ ഇല്ല. പകരം രാജ് ഭവൻ മാർച്ചും, പ്രാദേശിക പ്രതിഷേധങ്ങളും മാത്രമാണുള്ളതെന്ന് കർഷകസംഘം കേന്ദ്ര കമ്മിറ്റി അംഗം പി. വിശ്വനും, സ്റ്റേറ്റ് കമ്മിറ്റി അംഗം കെ. ഷിജുവും കൊയിലാണ്ടി ഡയറിയോട് പറഞ്ഞു. കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരെ 16-ന് കർഷക സംഘടനകൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. സോഷ്യൽ മീഡിയായിൽ കേരളത്തിൽ ഹർത്താൽ ഉണ്ടെന്ന വ്യാജ പ്രചാരമാണ് നടക്കുന്നതെന്നും കേരളത്തിൽ കടകൾ അടച്ചിടാൻ ആഹ്വാനം നൽകിയിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.
കാർഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന നിയമം നടപ്പാക്കാത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് വിവിധ കർഷക, കർഷക തൊഴിലാളി സംഘടനകള്‍ 16ന് ഭാരത് ബന്ദിന് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നത്. 16ന് വെള്ളിയാഴ്ച കേരളം ഉൾപ്പെടെയുള്ള ചില സംസസ്ഥാനങ്ങൾ ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ ബന്ദ് ആചരിക്കുമെന്ന് കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി. സംയുക്ത കിസാൻ മോർച്ച അടക്കമുള്ള നിരവധി സംഘടനകള്‍ ബന്ദിൻറെ ഭാഗമാകും. 16-ന് രാവിലെ 6 മുതല്‍ വൈകീട്ട് 4 വരെയാണ് ബന്ദ്. വ്യാപാരികളും, വിള കയറ്റുമതി ചെയ്യുന്നവരും അടക്കം ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ച്‌ രംഗത്തുവന്നിട്ടുണ്ട്.
Advertisements
കേരളം ഒഴികെ എല്ലാ കടയുടമകളും അന്നേ ദിവസം സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് രാകേഷ് ടികായത്ത് അറിയിച്ചു. രാജ്യത്തെ എല്ലാ ദേശിയ പാതകളും നാല് മണിക്കൂർ നേരം അടച്ചിടണമെന്ന് സംയുക്ത കിസാൻ മോർച്ച നാഷണല്‍ കോർഡിനേഷൻ കമ്മിറ്റി അംഗം ഡോ.ദർശൻപാല്‍ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. ഉച്ചക്ക് 12 മുതല്‍ 4 വരെ കർഷകർ പ്രകടനങ്ങള്‍ നടത്തും.