കോഴിക്കോട് മെഡിക്കൽ കോളേജിൽ പുക ഉയർന്നതുമായി ബന്ധപ്പെട്ട് മരണങ്ങൾ ഉണ്ടായിട്ടില്ലെന്ന് അധികൃതർ

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നതുമായി ബന്ധപ്പെട്ട് മരണങ്ങൾ സംഭവിച്ചു എന്ന വാർത്തകൾ തള്ളി അധികൃതർ. പുക ശ്വസിച്ച് ആരും മരണപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. ആശുപത്രിയിലെ എംആർഐ യുപിഎസ് റൂമിൽ നിന്നാണ് പുക ഉയർന്നത്.

ആശുപത്രിയിൽ പുക ഉയർന്നതുമായി മരണങ്ങൾക്ക് ബന്ധമില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. മരച്ചവർ അത്യാസന്ന നിലയിലുള്ളവരായിരുന്നുവെന്നാണ് അധികൃതർ വ്യക്തമാക്കി. മരിച്ചത് നാല് രോഗികളാണെന്നും ഇവർ മറ്റ് അസുഖങ്ങളാൽ ഗുരുതരാവസ്ഥയിലുള്ളവർ ആയിരുന്നുവെന്നും അധികൃതർ അറിയിച്ചു. രണ്ടുപേരും ഇന്ന് ഉച്ചയ്ക്ക് ശേഷം വന്നവരായിരുന്നു.

ആശുപത്രിയിൽ പുക ഉയർന്നതിനെ തുടർന്ന് രോഗികളെ കൃത്യമായി മാറ്റിയിരുന്നു. എന്നാൽ മറ്റു അസുഖങ്ങളാൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞവരുടെ മരണത്തെ ഈ സമയത്തെ മരണമായി ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നു. മരണപ്പെട്ടവരിൽ ഒരാൾ വിഷം കഴിച്ചെത്തിയതായിരുന്നു. വായിൽ ക്യാൻസറും ന്യുമോണിയയും ബാധിച്ച് ചികിത്സയിലിരുന്നയാളായിരുന്നു മരണപ്പെട്ടവരിൽ മറ്റൊരാൾ. വേറൊരു ന്യുമോണിയ ബാധിതനും, ലിവർ പേഷ്യന്റുമാണ് മരണപ്പട്ടത്.

അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും അവിടെ ലഭ്യമാക്കിയിട്ടുണ്ട്. പുക ഉയർന്ന കാഷ്വാലിറ്റി ബ്ലോക്ക് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. ഇവിടെ വിദഗ്ധ പരിശോധന ഇന്ന് നടക്കും.

