നിപ സംശയം: സമ്പർക്ക പട്ടികയിൽ 75 പേർ. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ്; 16 ടീമുകൾ

കോഴിക്കോട്: നിപ സംശയം: സമ്പർക്ക പട്ടികയിൽ 75 പേർ. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ്; 16 ടീമുകൾ രൂപീകരിച്ചതായി മന്ത്രി വീണാ ജോർജ്. ജില്ലയിൽ നിപ ബാധ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചത്. പ്രതിരോധത്തിനുവേണ്ടി 16 ടീമുകൾ രൂപീകരിച്ച് 16 പേർക്ക് ചുമതലകൾ നൽകിയെന്നും കൺട്രോൾ റൂം തുറക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളതെന്നും കൃത്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും കോഴിക്കോട് നടന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.

പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണം. അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ആശുപത്രികളിലും ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തും. ഗുരുതരമായവരെയും ഐസിയു സംവിധാനം വേണ്ടിവരുന്നവരെയും മെഡിക്കൽ കോളേജിലും സമ്പർക്കത്തിൽ വന്നവരെ മറ്റ് ആശുപത്രികളിലെ വാർഡുകളിലും പ്രവേശിപ്പിക്കും. ജനങ്ങൾ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടർ, ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, എസിപി എന്നിവരുടെ യോഗമാണ് ചേർന്നത്. വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും യോഗം ചേരും. സംസ്ഥാന സർക്കാർ പ്രോട്ടോക്കോൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതു പ്രകാരം പൂനെയിൽ നിന്ന് ഫലം വന്നെങ്കിൽ മാത്രമേ നിപ എന്ന് സ്ഥിരീകരിക്കാൻ കഴിയൂ.

മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. നിലവിൽ ലക്ഷണങ്ങളോടെ നാല് പേരാണ് ചികിൽസയിലുള്ളത്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണ്.

