KOYILANDY DIARY.COM

The Perfect News Portal

നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധി കേസ്; കല്ലറ പൊളിക്കാൻ പൊലീസ് എത്തി, തടഞ്ഞ് കുടുംബം

നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധിക്കേസിൽ കല്ലറ തുറന്ന് പരിശോധിക്കാൻ ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസിൻറെ വൻ സന്നാഹമാണ് സ്ഥലത്തുള്ളത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാവർത്തിച്ച് കുടുംബം എതിർപ്പുമായി രംഗത്തെത്തി. ഭർത്താവ് സമാധിയായതാണെന്നും സമാധി തുറക്കാൻ അനുവദിക്കില്ലെന്നും ഗോപൻ സ്വാമിയുടെ ഭാര്യ സുലോചന പറഞ്ഞു. പ്രതിഷേധിച്ച കുടുംബാംഗങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയിരിക്കുകയാണ്.

ക്ഷേത്ര ഭരണം പിടിച്ചെടുക്കാൻ ശ്രമിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്നും ബന്ധുകൾ ആരും പരാതി നൽകിയിട്ടില്ല. ഭർത്താവ് കിടപ്പ് രോഗിയായിരുന്നില്ലെന്നും നടക്കുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സമാധി തുറക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഗോപൻസ്വാമിയുടെ മകൻ രാജസേനനും പ്രതികരിച്ചു. ക്ഷേത്ര സംരക്ഷണ സമിതി നേതാക്കളും സ്ഥലത്ത് എത്തി എതിർപ്പ് അറിയിച്ചു.

സ്ഥലത്ത് പരിശോധനക്ക് എത്തിയ പൊലീസിനോട് രണ്ട് വശവും കേൾക്കണമെന്നാണ് കുടുംബത്തിന്റെയും അഭിഭാഷകരുടെയും ആവശ്യം. അതേസമയം, ഗോപനെ ജീവനോടെയാണോ സമാധി ഇരുത്തിയത് അതോ മരണശേഷമാണോ എന്നുള്ള കാര്യമാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മക്കളുടെയടക്കം മൊഴികളിലുള്ള വൈരുധ്യം കേസിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. മരണസമയത്ത് മകൻ രാജസേനൻ ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. സമാധിക്ക് സമയമായി എന്ന് പറഞ്ഞ് പിതാവ് അറയിൽ ഇരുന്ന് മരിച്ചുവെന്നാണ് ഇയാളുടെ മൊഴി. മരണം സംഭവിച്ച ശേഷം കുളിപ്പിച്ച് സമാധി ഇരുത്തുകയായിരുന്നുവെന്ന് മറ്റൊരാൾ മൊഴി നൽകി. ‘ഗോപൻ സ്വാമി സമാധിയായി’ എന്ന പോസ്റ്റർ മക്കൾ വീടിനു സമീപത്തെ മതിലുകളിൽ പതിപ്പിച്ചപ്പോഴാണു സംഭവം നാട്ടുകാർ അറിഞ്ഞത്.

Advertisements

ഗോപൻ വീട്ടുവളപ്പിൽ ശിവക്ഷേത്രം നിർമിച്ചു പൂജകൾ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇതിന് അടുത്ത് തന്ന സമാധി അറ നിർമിച്ചതും ഗോപൻ തന്നെയാണെന്നാണ് ഭാര്യയും മക്കളും പറയുന്നത്. മരണശേഷം ദൈവത്തിന്റെ അടുക്കൽ പോകണമെങ്കിൽ മൃതദേഹം വീട്ടുകാരല്ലാതെ മറ്റാരെയും കാണിക്കരുതെന്നും സമാധി ഇരുത്തണമെന്നും ഗോപൻ നിർദേശം നൽകിയിരുന്നതായാണ് മക്കളുടെ മൊഴി. നിലവിൽ മാൻ മിസ്സിങ്ങിന് കേസെടുത്താണ് പൊലീസ് അന്വേഷണം. അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം കലക്ടർക്ക് സമർപ്പിച്ചിരുന്നു.

Share news