KOYILANDY DIARY

The Perfect News Portal

അടുത്ത വർഷം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 310 വിദ്യാർത്ഥികൾ വിദേശത്തേക്ക്; മന്ത്രി കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: അടുത്ത വർഷം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ട മുന്നൂറ്റിപ്പത്തോളം വിദ്യാർത്ഥികൾ പഠനത്തിനായി വിദേശ സർവകലാശാലകളിൽ പോകുമെന്ന്‌ മന്ത്രി കെ രാധാകൃഷ്ണൻ. കഴിഞ്ഞ രണ്ടു വർഷത്തിൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട 425 വിദ്യാർത്ഥികളെയാണ്‌ സംസ്ഥാന സർക്കാർ വിദേശ സർവകലാശാലകളിലേക്ക് അയച്ചത്‌.

Advertisements

പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ യുവജനങ്ങളെ സംരംഭകരും തൊഴിൽദാതാക്കളുമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സാമൂഹിക മേഖലാ സംരംഭമായ “സ്റ്റാർട്ടപ്‌ സിറ്റി’യുടെ സംരംഭകത്വ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽ നേടുന്നതിനൊപ്പം തൊഴിൽ ദാതാക്കളായി മാറാൻ എസ്‌സി, -എസ്ടി വിഭാഗക്കാർക്ക് സമൂഹത്തിൻറെ പിന്തുണ ലഭിക്കണം.

 

ഇക്കാര്യത്തിൽ പൊതുസമൂഹത്തിനുള്ള കാഴ്ചപ്പാട് മാറണം. വെല്ലുവിളികളെ അതിജീവിക്കാൻ സമൂഹം അവർക്ക് കൈത്താങ്ങ് നൽകണമെന്നും മന്ത്രി പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷൻ 2026ഓടെ 20 ലക്ഷം തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നുണ്ട്‌. എസ്‌സി, -എസ്ടി വിഭാഗങ്ങളിൽ നിന്നുള്ള രണ്ടുലക്ഷം പേരെ ഇതിനായി തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

 

തിരുവനന്തപുരം ടെക്നോപാർക്കിൽ നടന്ന ചടങ്ങിൽ പിന്നാക്കക്ഷേമ സ്പെഷ്യൽ സെക്രട്ടറിയും ഉന്നതി സിഇഒയുമായ പ്രശാന്ത് നായർ അധ്യക്ഷനായി. കേരള സ്റ്റാർട്ടപ്‌ മിഷൻ സിഇഒ അനൂപ് അംബിക, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ തുടങ്ങിയവരും സംസാരിച്ചു.