പുതുവത്സരാഘോഷം: കനത്ത സുരക്ഷാ സംവിധാനവുമായി പോലീസ്
കോഴിക്കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ സംവിധാനവുമായി കോഴിക്കോട് ജില്ലാ പോലീസ് രംഗത്ത്. ജനങ്ങൾ നിതാന്ത ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഇതിനായി ജില്ലാ പോലീസ് മേധാവിയുടെ നേത്യത്വത്തിൽ, അഡീഷണൽ പോലിസ് സൂപ്രണ്ട്, 5 ഡി.വൈ.എസ്.പി. 22 പോലീസ് ഇൻസ്പെക്ടർ, 60 സബ് ഇൻസ്പെക്ടർ എന്നിവർ ഉൾപ്പെടെ ജില്ലയിലെ എല്ലാ സേനംഗങ്ങളെയും ഉൾപ്പെടുത്തി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

2024 വർഷത്തെ പുതുവത്സരവുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറൽ ജില്ലയിൽ വിവിധ ആഘോഷങ്ങളും പരിപാടികളും നടക്കുന്നുണ്ട്. മേൽ സാഹചര്യത്തിൽ ക്രമസമാധാന പരിപാലനവുമായി ബന്ധപ്പെട്ട് വ്യാപാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻറുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്‌ഥലങ്ങളിലും പുതുവത്സരാഘോഷങ്ങൾ നടക്കുന്ന ബീച്ചുകൾ പ്രധാനപ്പെട്ട ഹോട്ടലുകൾ പ്രധാന എന്നിവിടങ്ങളിലും നിരവധി ആളുകൾ നഗരങ്ങൾ ഒത്തുകൂടാൻ സാധ്യതയുള്ളതാണ്. ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധവേണം.

മയക്കുമരുന്ന് ഉപയോഗം, മയക്കുമരുന്ന് വിൽപ്പന, ലഹരി ഉപയോഗിച്ചുള്ള അതിക്രമങ്ങൾ. സ്ത്രീകളെയും കുട്ടികളെയും ശല്ല്യപ്പെടുത്തൽ, വിദേശീയരടക്കമുള്ള സഞ്ചാരികളെ ശല്ല്യപ്പെടുത്തൽ, മദ്യപിച്ച് വാഹനം ഓടിക്കൽ, ബൈക്ക് റേസുകൾ, ഉച്ചഭാഷിണി ഉപയോഗത്തിലെ ചട്ടലംഘനം തുടങ്ങിയ കുറ്റക്യത്യങ്ങൾ ശ്രദ്ധയിൽപെടുന്നപക്ഷം കർശന നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും. പുതുവത്സരവുമായി നടത്തുന്ന പരിപാടികളുടെ സംഘാടകർ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്. അതാത് സംഘാടകർ പുതുവത്സരം സമാധാനപരമായി ആഘോഷിക്കുവാൻ തയ്യാറാകേണ്ടതുണ്ട്. പൊതുജനങ്ങളും ഇക്കാര്യങ്ങൾ കൂടുതലായി ശ്രദ്ധിക്കണമെന്നും ജില്ലാ പോലീസ് മേധാവി പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
