KOYILANDY DIARY.COM

The Perfect News Portal

സന്നിധാനത്ത് പുതുവര്‍ഷാഘോഷം; ഇന്നലെ എത്തിയത് 90,792 ഭക്തർ

 ശബരിമല സന്നിധാനത്ത് പുതുവര്‍ഷാഘോഷം. അവധി ദിവസമായ ഇന്നലെ 90,792 പേരാണ് പതിനെട്ടാം പടി കയറിയത്. സമാനമായ തിരക്ക് ഇന്നും ഉണ്ടാകുമെന്നാണ് കരുതുന്നത്. വെർച്വൽ ക്യൂ ബുക്കിങ്ങ് ഇന്നും പൂർണമാണ്. തീർത്ഥാടകരുടെ ക്യു മരക്കൂട്ടം വരെ നീണ്ടു. ജനുവരി 15ന് മകരവിളക്ക് നടക്കാനിരിക്കെയാണ്‌ തീർത്ഥാടകരുടെ തിരക്ക്. വെളുപ്പിന് 2.46ന് മകരസംക്രമ പൂജ നടക്കും.

പതിവു പൂജകൾക്കു ശേഷം വൈകിട്ട്‌ അഞ്ചിനാണ് അന്ന് നട തുറക്കുക. തുടർന്ന്‌ തിരുവാഭരണം സ്വീകരിക്കൽ, തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 15, 16, 17, 18, 19 തീയതികളിൽ എഴുന്നള്ളിപ്പും നടക്കും. 19 വരെ തീർത്ഥാടകർക്ക് നെയ്യഭിഷേകം ചെയ്യാം. 19ന് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടക്കും. 20 വരെ തീർത്ഥാടകർക്ക്‌ ദർശനത്തിനുള്ള സൗകര്യമുണ്ട്.

 

21ന് തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് രാവിലെ പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം നട അടയ്‌ക്കും. അതേസമയം മകരവിളക്ക് ഉത്സവത്തിന്‌ ശബരിമല നട തുറക്കുമ്പോൾ പമ്പ മുതൽ സന്നിധാനം വരെ അയ്യപ്പൻമാർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. വലിയ ഭക്തജനപ്രവാഹത്തിനിടയിലും സന്നിധാനത്തെ സുരക്ഷാ സംവിധാനങ്ങൾ മികച്ചതാണെന്ന് ദേവസ്വം ബോർഡ് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Advertisements
Share news