KOYILANDY DIARY.COM

The Perfect News Portal

മെഡിക്കൽ കോളേജിൽ പുതിയ ഐ. സി. യു വും ഓപ്പറേഷൻ തിയറ്ററും പ്രവർത്തന സജ്ജം

കോഴിക്കോട്: മികച്ച ചികിത്സാ സംവിധാനങ്ങളോടെ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പുതിയ അത്യാഹിത വിഭാഗവും ഓപ്പറേഷൻ തിയറ്ററും പ്രവർത്തന സജ്ജമായി. 20 തിയറ്ററുകളും അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ അത്യാഹിത വിഭാഗവുമാണ് ആറ് നിലകളിലുള്ള പി. എം. എസ്. എസ്. വൈ ബ്ലോക്കിൽ ഉള്ളത്‌.
സർജിക്കൽ സൂപ്പർ സ്പെഷ്യാലിറ്റികളായ കാർഡിയാക് സർജറി, ന്യൂറോ സർജറി, സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, യൂറോളജി, അനസ്‌തേഷ്യ, പ്ലാസ്റ്റിക് സർജറി തുടങ്ങിയ വിഭാഗങ്ങളാണ് ഇവിടെ ആരംഭിക്കുന്നത്. ഓരോന്നിനും നിരീക്ഷണത്തിന് 20 കട്ടിലുകളും താൽക്കാലികമായി കിടത്താൻ 10 കട്ടിലുകളും ഒരുക്കിയിട്ടുണ്ട്.
ഒരു മൈനർ ഓപ്പറേഷൻ തിയേറ്റർ, എം. ആർ. ഐ. സ്കാൻ, എക്സ്റെ, ലാബുകൾ തുടങ്ങിയവും സജ്ജീകരിച്ചിട്ടുണ്ട്. ഒന്നാം നിലയിൽ അഞ്ച് തിയറ്ററുകളും ആറാംനിലയിൽ 14 തിയറ്ററുകളും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടിടത്തുമായി രണ്ട്‌ വീതം ഐ. സി. യു വും 25 വീതം ബെഡ്ഡുകളുള്ള നിരീക്ഷണ വാർഡുമുണ്ട്.
നാല്, അഞ്ച് നിലകളിൽ വിവിധ വിഭാഗങ്ങളുടെ ഐ. സി. യു വും രണ്ട്, മൂന്ന് നിലകളിൽ വാർഡുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 500 കെ. എൽ. ഡി ശേഷിയുള്ള എസ്. ടി. പി പ്ലാൻ്റ്, 1000 കിലോ ലിറ്റർ ശേഷിയുള്ള രണ്ട് ഓക്സിജൻ പ്ലാൻ്റ്, പവർ ഹൗസ് തുടങ്ങിയ സംവിധാനങ്ങളും ഇവിടെയുണ്ട്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ 185 കോടി രൂപ ചെലവിട്ടാണ് 16,263 ചതുരശ്ര മീറ്റർ വിസ്‌തൃതിയുള്ള കെട്ടിട സമുച്ചയം നിർമിച്ചത്. അത്യാഹിത വിഭാഗം ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലം അസ്ഥിരോഗ വിഭാഗത്തിനായി ഉപയോഗപ്പെടുത്താനാണ് തീരുമാനം.
Share news