KOYILANDY DIARY

The Perfect News Portal

‘നേരോ’ ഹ്രസ്വചിത്രം റിലീസ് ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ മാപ്പിള വി.എച്ച്.എസ്.എസ് ൽ നിർമ്മിച്ച ഹ്രസ്വചിത്രമായ ‘നേരോ’ യുടെ റിലീസിംഗ്  സിനിമാ സംവിധായകൻ ദീപേഷ് ടി നിർവ്വഹിച്ചു. നാല് ചുവരുകൾക്കകത്തെ ഇടുങ്ങിയ ക്ലാസ് മുറികളിൽ അകപ്പെട്ടുപോയ അധ്യാപകരോട്, മതിലുകളും അതിരുകളുമില്ലാത്ത പ്രകൃതിയുടെ വിശാല തുറസ്സുകളിലേക്ക് ജീവിതത്തെ തുറന്നു വിടാൻ പ്രേരിപ്പിക്കുന്നതാണ് ‘നേരോ’ എന്ന ഹ്രസ്വചിത്രം.
സ്വാതന്ത്ര്യത്തിന്റെ തുറസ്സുകളിൽ സന്തോഷം പങ്കിടുന്ന കുരുന്നുകൾക്ക് അസ്വാതന്ത്ര്യത്തിൻ്റെ വേലിക്കെട്ടുകളായി ക്ലാസ് മുറികൾ മാറുമ്പോഴും, അധ്യാപകരുടെ കടുത്ത ശിക്ഷാനടപടികൾ അവർക്ക് മീതെ ആഞ്ഞടിക്കുമ്പോഴും അസ്വസ്ഥരാകുന്ന കുട്ടികളെ ഈ സിനിമയിലൂടെ കാണാം. അത്തരം അസ്വസ്ഥതകളെ അവർ മറികടക്കുന്നത് പ്രകൃതിയുടെ താളത്തിനൊത്ത് ചലിക്കുമ്പോഴാണ്.
ഷാജി കാവിൽ രചനയും ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച  നാലു മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രം നിർമ്മിച്ചത് സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും കൂട്ടായ്മയിലൂടെയാണ്. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എ അസീസ് അധ്യക്ഷനായി. രതീഷ് വി.എസ് (പ്രിൻസിപ്പാൾ വി.എച്ച്.എസ്.സി), പ്രകാശൻ പി.വി, പ്രകാശൻ വി.എം, അസീസ് യു. കെ, രാഗം മുഹമ്മദലി, സി. രാമചന്ദ്രൻ, സായ് പ്രസാദ്, ശിവാസ് നടേരി, ബിന്ദു കെ, പ്രജിഷ വി.പി, ഉണ്ണിക്കൃഷ്ണൻ ഗ്രീൻ, അഭിനേതാക്കളായ ആബിദ്, പ്രസൂൺ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ദീപാഞ്ജലി മണക്കടവത്ത് സ്വാഗതം പറഞ്ഞു.