KOYILANDY DIARY.COM

The Perfect News Portal

ഓപ്പറേഷന്‍ സിന്ദൂരിനിടെ ചാരവൃത്തി: നാവികസേനാ ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍

ഓപ്പറേഷന്‍ സിന്ദൂറിനിടെ ചാരവൃത്തിക്ക് നാവികസേന ആസ്ഥാനത്തുനിന്നുള്ള ക്ലര്‍ക്കിനെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശി വിശാല്‍ യാദവ് ആണ് അറസ്റ്റിലായത്. പാക് ചാരസംഘടനയിലെ വനിതയ്ക്ക് വിവരങ്ങള്‍ കൈമാറിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയും നാവികസേനയുടെ ഇന്‍റേണല്‍ സെക്യൂരിറ്റി വിഭാഗവും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ക്രിപ്‌റ്റോ കറന്‍സി വഴിയായിരുന്നു ഇയാൾ പണമിടപാട് നടത്തിയിരുന്നതെന്നും കണ്ടെത്തി. പിടികൂടിയ വ്യക്തി നാവികസേനയുടെ മുംബൈ ആസ്ഥാനത്ത് ജോലി ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയായ ക്ലര്‍ക്ക് വിദേശ വനിതയുമായി ഉള്ള സോഷ്യല്‍ മീഡിയ, മെസേജിങ്ങ് ആപ്പുകള്‍ വഴി നടന്ന ചാറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കൂടുതൽ അന്വേഷണം ആരംഭിച്ചത്.

 

 

ഇത്തരത്തിലുള്ള ചാരവൃത്തി കേസുകള്‍ രാജ്യത്തിനുള്ള വലിയ സുരക്ഷാ ഭീഷണിയാണ്. പ്രത്യേകിച്ച് പ്രതിരോധ രംഗത്തെ അഭിമാനമായ നാവികസേനയില്‍ നിന്നുള്ള വിവര ചോര്‍ച്ച, രാഷ്ട്രത്തിന്റെ പ്രതിരോധ താളം തന്നെ ബാധിക്കും എന്നത് അതീവ ഗൗരവമുള്ള പ്രശ്നമായി ഉയര്‍ന്നിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടാന്‍ നാവികസേന തയ്യാറായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും, ഈ സംഭവത്തില്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അധികാരികള്‍ അറിയിച്ചു.

Advertisements
Share news