നരേന്ദ്ര മോദിക്ക് ഒരു മൂന്നാം ഊഴം ഉണ്ടാകില്ല; ബിനോയ് വിശ്വം

നരേന്ദ്ര മോദിക്ക് ഒരു മൂന്നാം ഊഴം ഉണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി. ഇടതുപക്ഷത്തിൻ്റെ വിജയം പ്രധാന്യമാണ് എന്നും ഇടത് എം പി മാരാകും വരുന്ന പാർലമെൻ്റിൽ നിർണായകമാകും എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇടതുപക്ഷം മത്സരിക്കുന്നത് ആർ എസ് എസ് ബിജെപി വരവിനെ ചെറുക്കാൻ ഇന്ത്യാ സഖ്യത്തിന് ശക്തി പകരാൻ. തൂക്ക് പാർലമെൻ്റ് വന്നാൽ അദാനിമാർ രംഗത്തിറങ്ങും. അതിൽ വീണുപോകാത്ത എത്ര കോൺഗ്രസുകാർ ഉണ്ടാകും. ഇഡി ഭീതിയിൽ കാലുമാറാത്ത എത്ര പേർ കോൺഗ്രസിലുണ്ട്.

രാവിലത്തെ കോൺഗ്രസുകാർ ഉച്ചയ്ക്ക് ബിജെപിയാകുന്നു. ശശി തരൂർ ബി ജെ പി നിലപാടിനോട് താൽപര്യമുള്ളയാൾ. പലസ്തീൻ, ബാബറി മസ്ജിദ് നിലപാടിൽ അദ്ദേഹം ഇതു വ്യക്തമാക്കിയതാണ്. അങ്കമാലി റെയിൽവെ സ്റ്റേഷനിലെ ബോർഡിന് കീഴെ കാലടിയിലേക്ക് പോകാൻ ഇവിടെ ഇറങ്ങുക എന്ന് എഴുതി വക്കുന്ന പോലെയാണ് പുതിയ കാലത്തെ കോൺഗ്രസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് താഴേ ബിജെപിയില്ക്ക് പോകാൻ ഇവിടേ ഇറങ്ങുക എന്ന അവസ്ഥയാണ്.

തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി വൻ പണക്കാരനാണ്. പക്ഷെ സ്വത്ത് വിവരം സമർത്ഥമായി മറച്ച് വച്ചെന്ന് എല്ലാവരും പറയുന്നു. രാഷ്ട്രീയത്തിന്റെ മൂല്യമാണ് ഇവിടെ നഷ്ടപ്പെടുന്നത്. കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ ഇറങ്ങുന്ന ചില ബിഷപ്പുമാർ ഉണ്ട്. അവർ ആർഎസ്എസ്എസിൻ്റെ വിചാരധാര വായിക്കണം.

ഭൂരിപക്ഷം ബിഷപ്പുമാരും ആവഴിക്ക് പോകുന്നവരല്ല. കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ ഒരുങ്ങുന്ന ബിഷപ്പുമാർ ആർഎസ്എസ്എസിൻ്റെ വിചാരധാര വായിക്കണം. കേരള സ്റ്റോറി പ്രദർശിപ്പിക്കുന്ന ബിഷപ്പുമാരോട് പറയാൻ തനിക്ക് ഒരു കാര്യം മാത്രമെ ഉള്ളൂ. കർത്താവേ ഇവരോട് പൊറുക്കേണമേ എന്ന് മാത്രം’ – ബിനോയ് വിശ്വം.

