KOYILANDY DIARY

The Perfect News Portal

എന്റെ കേരളം’ പ്രദർശന വിപണനമേള ഇന്ന് സമാപിക്കും.

കോഴിക്കോട്‌: സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനായി കോഴിക്കോട്‌ ബീച്ചിൽ ഒരുക്കിയ ‘എന്റെ കേരളം’ പ്രദർശന വിപണനമേള വ്യാഴാഴ്‌ച സമാപിക്കും. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ്‌ ഒരാഴ്‌ച നീളുന്ന പ്രദർശനം ഒരുക്കിയത്‌. ലക്ഷക്കണക്കിനാളുകളാണ്‌ പ്രദർശന നഗരിയിലേക്ക്‌ രാപകൽ ഭേദമില്ലാതെ ഒഴുകിയെത്തിയത്‌. വ്യാഴാഴ്ച വൈകിട്ട്‌ ആറിനാണ്‌ സമാപന സമ്മേളനം.
ബുധനാഴ്‌ച നടന്ന ‘ഉൾച്ചേർന്ന സമൂഹം നീതിയും വെല്ലുവിളികളും’ സെമിനാർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എം പി ഷൈജൽ ഉദ്‌ഘാടനംചെയ്‌തു. സിആർസി കോഴിക്കോട് ഡയറക്ടർ ഡോ. റോഷൻ ബിജിലി, കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം നസീമ ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഷ്റഫ് കാവിൽ മോഡറേറ്ററായി. മെയിന്റനൻസ് വിഭാഗം ടെക്‌നിക്കൽ അസിസ്റ്റന്റ് ഇന്ദു സ്വാഗതം പറഞ്ഞു. യുമ്‌ന അജിൻ നയിച്ച സംഗീത പരിപാടിയും അരങ്ങേറി.
Advertisements
ഉമയാൾപുരത്തിന്റെ മ്യൂസിക്‌ ഫ്യൂഷൻ ഇന്ന്‌ സമാപന സമ്മേളനത്തിന്റെ ഭാഗമായി വ്യാഴം രാത്രി ഏഴിന്‌ ഡോ. ഉമയാൾപുരം കെ ശിവരാമൻ നയിക്കുന്ന ജ്വാല മ്യൂസിക്‌ ഫ്യൂഷൻ അരങ്ങേറും. മട്ടന്നൂർ ശങ്കരൻകുട്ടി, ആറ്റുകാൽ ബാലസുബ്രഹ്മണ്യൻ, തൃപ്പൂണിത്തുറ രാധാകൃഷ്‌ണൻ, ഫ്രിജോ ഫ്രാൻസിസ്‌ എന്നിവർ അണിനിരക്കും.
മൃദംഗ കലയിലെ അദ്വിതീയനായ ഉമയാൾപുരം ആദ്യമായാണ്‌ കോഴിക്കോട്‌ പരിപാടി അവതരിപ്പിക്കുന്നത്‌.