KOYILANDY DIARY

The Perfect News Portal

കൊലക്കേസ് പ്രതി അളകമ്മയുടെ മരണം കൊലപാതകം. സുഹൃത്ത് അറസ്റ്റിൽ

കൊലക്കേസ് പ്രതി അളകമ്മയുടെ മരണം കൊലപാതകം. സുഹൃത്ത് അറസ്റ്റിൽ. ഇടുക്കിലെ മുനിയറ നാരായണൻ വധക്കേസിലെ പ്രതിയായ അളകമ്മയെ കൊലപ്പെടുത്തിയത് ഇതേ കൊലക്കേസിലെ തന്നെ മറ്റൊരു പ്രതിയായ സുരയാണെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചതായും സുരയുടെ പട്ടയ രേഖകൾ കൈവശപ്പെടുത്തയിലുള്ള പകയാണ് കൊലയ്ക്ക് കാരണമായതെന്ന് ഇയാൾ മൊഴി നൽകിയതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ച സുര അളകമ്മയെ അവശനിലയിൽ അടിമാലി ആശുപത്രിയിൽ  എത്തിക്കുകയായിരുന്നു. വീണ് പരിക്കേറ്റെന്നായിരുന്നു ഡോക്ടർമാരെ അറിയിച്ചത്. സംശയം തോന്നി ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസെത്തിയെങ്കിലും സുര ഇതേ മൊഴിയിൽ ഉറച്ചു നിന്നു. അന്നു രാത്രിയോടെ ചികിത്സയിലായിരുന്ന അളകമ്മ മരണപ്പെട്ടു.
Advertisements
തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂര മർദ്ദനം നടന്നുവെന്ന് വ്യക്തമായി. പത്ത് വാരിയെല്ലുകൾ പൊട്ടുകയും ഇവ ശ്വാസകോശത്തിൽ കുത്തിയിറങ്ങിയുണ്ടായ മുറിവാണ് മരണ കാരണമായതെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. ഇതോടെ സുരയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.
എട്ടുവർഷമായി സുരയുടെ വീട്ടിൽ ഇവർ ഒരുമിച്ച് താമസിക്കുന്നത്. ഇതിനിടെ സുരയുടെ വീടിൻ്റെയും ഭൂമിയുടെയും പട്ടയം അളകമ്മ കൈവശപ്പെടുത്തിയിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകം ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് സുര വെള്ളത്തൂവൽ പൊലീസിന് നല്കിയ മൊഴി. പൊലീസ് ഈ മൊഴി പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷണം നടത്തുന്നുണ്ട്. 2018 ലായിരുന്നു അളകമ്മയുടെ മുൻ ഭർത്താവായ മുനിയറ സ്വദേശി നാരായണനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. കേസിൽ വിചാരണ തുടങ്ങാൻ ഇരിക്കയാണ് അളകമ്മ കൊല്ലപ്പെടുന്നത്. അളകമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സുരയെ കോടതിയിൽ ഹാജരാക്കി റിമാൻ്റു ചെയ്തു.
Advertisements